മഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരങ്ങൾ സമർപ്പിക്കാത്തതിനാൽ മഞ്ചേരി നഗരസഭാംഗങ്ങൾക്ക് നോട്ടീസ്. ഈ മാസം 13ന് തിരുവനന്തപുരത്ത് ലോകായുക്തക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.
നഗരസഭയിലെ 50 അംഗങ്ങളും സ്ഥലത്തിന്റെ ആധാരം, മറ്റു രേഖകൾ, വാഹനത്തിന്റെ ആർ.സി, ഏറ്റവും പുതിയ വിവരം അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ്, വായ്പ സംബന്ധിച്ച രേഖകൾ, ബാധ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടിവരും. രണ്ടുവർഷം കൂടുമ്പോഴാണ് സ്വത്ത് വിവരം സമർപ്പിക്കേണ്ടത്. എന്നാൽ, ആദ്യതവണ വിവരങ്ങൾ സമർപ്പിക്കാതെവന്നതോടെയാണ് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. ജില്ലയിലെ മറ്റു നഗരസഭകളിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരായി രേഖകൾ സമർപ്പിച്ചിരുന്നു. നഗരസഭാംഗങ്ങൾക്ക് പുറമേ, വീട്ടിലെ മറ്റ് അംഗങ്ങളുടെ സ്വത്ത് വിവരങ്ങളും ഹാജരാക്കേണ്ടതിൽ ഉൾപ്പെടും.
കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അംഗങ്ങൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് വിവര ശേഖരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.