പ്രിൻസിപ്പലിന് 'ആദരാഞ്ജലി' പോസ്റ്റര്‍: എസ്.എഫ്.ഐക്കെതിരെ പ്രതിഷേധം ശക്തം 

കാസര്‍കോട്: പടന്നക്കാട് നെഹ്റു കോളജ് പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകിയ ചടങ്ങിനിടെ 'ആദരാഞ്ജലി' അർപ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തിൽ സി.പി.എം വിദ്യാർഥി സംഘടന‍യായ എസ്.എഫ്.ഐക്കെതിരെ വൻ പ്രതിഷേധം. സംഭവം നടന്ന നെഹ്റു കോളജിലേക്ക് എ.ബി.വി.പി പ്രവർത്തകർ പ്രതിഷേധ പ്രകടനവും ബി.ജെ.പി പ്രവർത്തകർ എസ്.എഫ്.ഐക്കെതിരെ പ്രതീകാത്മക ശവമഞ്ചമേറ്റിയുള്ള പ്രകടനവും നടത്തി.  

വിഷയം ചർച്ച ചെയ്യാൻ നെഹ്റു കോളജ് മാനേജ്മെന്‍റ് ഉച്ചക്ക് ശേഷം അടിയന്തര യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പജയോട് മാനേജ്മെന്‍റ് റിപ്പോർട്ട് തേടി. റിപ്പോർട്ട് കൂടി ഉൾപ്പെടുത്തിയാകും മാനേജ്മെന്‍റ് പൊലീസിൽ പരാതി നൽകുക. കോളജിലെ ആദ്യ വനിതാ പ്രിൻസിപ്പലിനെതിരായ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

വനിതാ പ്രിൻസിപ്പലിനെ അവഹേളിച്ച സംഭവം കോളജ് വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്നും സംഭവത്തിന്‍റെ നിജസ്ഥിതി അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. 

'ആദരാഞ്ജലി' അർപ്പിച്ച് പോസ്റ്റർ പതിച്ച് അവഹേളിച്ചതിന് പിന്നില്‍ എസ്.എഫ്.ഐ ആണെന്ന് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പജ വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ഹാജർ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ അധ്യാപകരുടെ കൈവശമുണ്ടെന്നും കോളജ് മാനേജ്മെന്‍റുമായി ആലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. 

33 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന വനിതാ പ്രിൻസിപ്പലിന് കോളജിൽ യാത്രയയപ്പ് നൽകിയ ചടങ്ങിനിടെയാണ് കോളജ് ഒാപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പതിച്ചത്. "വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, കാമ്പസ് സ്വതന്ത്രമാകുന്നു, നെഹ്റുവിന് ശാപ മോക്ഷം" എന്നായിരുന്നു പോസ്റ്ററിലെ പരാമർശം. 

ചുമതലയേറ്റത് മുതല്‍ പല വിഷയങ്ങളിലും എസ്.എഫ്.ഐ കോളജ് യൂണിറ്റും പ്രിൻസിപ്പലുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഹാജർ അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ പ്രിൻസിപ്പലുമായി എസ്.എഫ്.ഐ പ്രവർത്തകർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പലപ്പോഴും ഉപരോധത്തിൽ എത്തുക‍യും ചെയ്തിരുന്നു.  

യു.ഡി.എഫ് അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന പ്രവർത്തക സമിതി അംഗവും കാസർകോട് ജില്ലാ പ്രസിഡന്‍റുമായിരുന്നു ഡോ. പുഷ്പജ. 2016ൽ പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. പുഷ്പജ, മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ പരീക്ഷക്ക് മുമ്പു യാത്രയയപ്പ് നൽകുകയായിരുന്നു. 

Tags:    
News Summary - Protest Against SFI for Death Wishes issue of Kasaragod Nehru College Principal Dr. PV Pushpaja -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.