തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ അഞ്ചിൽ നാലുപേരും എ.ഡി.ജി.പിയുടെ കീഴുദ്യോഗസ്ഥർ. മേലുദ്യോഗസ്ഥനെതിരായ ഗുരുതരമായ ആരോപണങ്ങൾ താഴെ റാങ്കിലുള്ളവർ പരിശോധിക്കുന്ന അന്വേഷണം എത്രത്തോളം ഫലപ്രദമാകുന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിനാണ് അന്വേഷണ മേൽനോട്ടം എന്നതാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഐ.ജി സ്പർജൻകുമാർ, തൃശൂർ ഡി.ഐ.ജി തോംസൺ ജോസ്, എസ്.പിമാരായ എസ്. മധുസൂദനൻ, എ. ഷാനവാസ് എന്നീ നാലുപേരും എ.ഡി.ജി.പിക്ക് കീഴിൽ പ്രവർത്തിക്കുന്നവരാണ്. രണ്ടുപേർ എ.ഡി.ജി.പിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടവരുമാണ്. അൻവർ പറഞ്ഞതിന്റെ നെല്ലുംപതിരും തെരയേണ്ടത് ഇവരാണ്. പൊലീസ് മേധാവിക്ക് അതിന്റെ മേൽനോട്ടം മാത്രമാണ് നിർവഹിക്കാനാവുക. തനിക്കെതിരായ അന്വേഷണ സംഘത്തെ തീരുമാനിക്കുന്ന കൂടിയാലോചനയിൽ അജിത് കുമാറും പങ്കെടുത്തിരുന്നെന്നും വിവരമുണ്ട്.
അജിത് കുമാറിനെ മാറ്റിനിർത്താതെയുള്ള അന്വേഷണത്തിൽ ഡി.ജി.പിക്ക് എതിർപ്പുണ്ട്. അതു തള്ളിയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി തുടരാൻ മുഖ്യമന്ത്രി അനുവദിച്ചത്. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ അന്വേഷണ പ്രഖ്യാപനം നടത്തി കൈയടി നേടിയ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയപ്പോഴേക്കും തീരുമാനം മാറിയതിന്റെ പൊരുൾ വ്യക്തമല്ല. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് എതിരായ നടപടി ഒഴിവാക്കാനാണ് എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതെന്നാണ് സൂചന.
പി.വി. അൻവർ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ കുടുങ്ങിയ പത്തനംതിട്ട മുൻ എസ്.പി എസ്. സുജിത് ദാസിനെയും മുഖ്യമന്ത്രി കാര്യമായ പരിക്കില്ലാതെ സംരക്ഷിച്ചു. എസ്.പി ഓഫിസിലെ മരം മുറിച്ചുകടത്തിയെന്ന പരാതി പിൻവലിപ്പിക്കാൻ എം.എൽ.എയുടെ കാലുപിടിക്കുന്ന എസ്.പിക്ക് സസ്പെഷൻ ഉറപ്പെന്ന് കരുതിയെങ്കിലും നടപടി സ്ഥലം മാറ്റത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.