കണ്ണൂർ-ദോഹ വിമാനം വൈകുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

ദോഹ: കണ്ണൂരിൽ നിന്നും ദോഹയിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച രാത്രി 7.15ന് കണ്ണൂരിൽ നിന്നും ​ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്നു ഐ.എക്സ് 773 വിമാനമാണ് ഒരു രാത്രി മുഴുവൻ യാത്രക്കാരെ വിമാനത്താവളത്തിൽ തളച്ചിട്ട് യാത്ര മുടക്കിയത്. സാ​ങ്കേതിക തകരാർ കാരണം പുറപ്പെടാൻ വൈകുമെന്നാണ് അറിയിപ്പ്.

ഒടുവിലെ അറിയിപ്പ് പ്രകാരം ബുധനാഴ്ച രാവിലെ 6.05ന് പുറപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ചൊവ്വാഴ്ച രാത്രിയിൽ യാത്ര അനിശ്ചിതമായി വൈകിയതോടെ വിമാനത്താവളത്തിൽ യാത്രക്കാർ ബഹളം വെച്ചത് നാടകീയ രംഗങ്ങളും സൃഷ്ടിച്ചു. പൊലീസ് കൂടി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. രാത്രി ഒരു മണിയോടെ യാത്രക്കാരിൽ ഒരു വിഭാഗത്തെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ഷെഡ്യൂൾ പ്രകാരം പുറപ്പെടാനായി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയ ശേഷമാണ് നാടകീയ രംഗങ്ങളുടെ തുടക്കം. നിശ്ചിത സമയം കഴിഞ്ഞ്, ഒരു മണിക്കൂറോളം പിന്നിട്ടിട്ടും വിമാനം പുറപ്പെടാതായതോടെയാണ് സാ​ങ്കേതിക തകരാർ യാത്രക്കാരെ അറിയിക്കുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ യാത്രാ സൗകര്യമൊരുക്കാമെന്ന എയർ ഇന്ത്യ അധികൃതരുടെ ഉറപ്പിനെ തുടർന്നായിരന്നു യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്.

എന്നാൽ, പറഞ്ഞത് പ്രകാരം രാത്രി 12.30നും വിമാനം പുറപ്പെടില്ലെന്നുറപ്പായതോടെ യാത്രക്കാർ ബഹളം വെച്ചു. ചിലർ ടിക്കറ്റ് മാറ്റി വാങ്ങി കോഴിക്കോട് വഴി യാത്ര ചെയ്യാനും തീരുമാനിച്ചു. വിസ കാലാവധി അവസാനിക്കുന്നവരും, ബുധനാഴ്ച തന്നെ ജോലിയിൽ പ്രവേശിക്കേണ്ടവരും ഉൾപ്പെടെ പ്രവാസികളെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥ വീണ്ടും പെരുവഴിയിലാക്കുന്നത്.

Tags:    
News Summary - Kannur-Doha flight delayed; Air India Express made passengers miserable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.