തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേകസംഘം കണ്ടെത്തുന്ന ഒരു വിവരവും പുറത്ത് പോകരുതെന്ന നിർദേശവുമായി ഡി.ജി.പി ദർവേഷ് സാഹിബ്. എ.ഡി.ജി.പിയുടെ സമാന്തര രഹസ്യാന്വേഷണ വിഭാഗം അന്വേഷണ വിവരം ചോർത്തുമെന്ന് ഡി.ജി.പി പോലും ഭയക്കുന്നതിന് തെളിവാണ് നിർദേശത്തിന് പിന്നിലെന്നാണ് പൊലീസിലെ അണിയറ വർത്തമാനം.
എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സമാന്തര രഹസ്യാന്വേഷണ വിഭാഗത്തെ സംബന്ധിച്ച് സംസ്ഥാന പൊലീസിൽ പരസ്യമായ രഹസ്യമാണ്. ഡി.ജി.പിമാർക്ക് പോലുമില്ലാത്ത പ്രത്യേക സംഘത്തെയാണ് അജിത്കുമാർ തനിക്ക് കീഴിൽ സംസ്ഥാനത്താകമാനം വിന്യസിച്ചത്. ഒരു എസ്.ഐ, രണ്ട് പൊലീസുകാർ എന്നിവരടങ്ങുന്ന ഈ സമാന്തര രഹസ്യാന്വേഷണ സംഘത്തിന് മറ്റ് ചുമതലകളൊന്നുമില്ല. ജില്ലകളിലെ പ്രധാന സംഭവങ്ങളും മറ്റ് രഹസ്യസ്വഭാവമുള്ള വിവരങ്ങളും എ.ഡി.ജി.പിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയാണ് ഡ്യൂട്ടി. ജില്ല സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയാണ് ഇതിനായി വിന്യസിച്ചത്.
ഔദ്യോഗിക രഹസ്യങ്ങൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന നിലയിൽ അജിത്കുമാറിന് ലഭിക്കുന്നതിന് പുറമെയാണ് സമാന്തര വിഭാഗം. അതത് സ്ഥലത്തെ എസ്.എച്ച്.ഒമാർ, സബ്ഡിവിഷൻ ഡിവൈ.എസ്.പിമാർ, ജില്ല പൊലീസ് മേധാവികൾ എന്നിവരിൽ നിന്നും അതത് പൊലീസ് മേധാവിമാർ വഴി ജില്ല സ്പെഷൽ ബ്രാഞ്ചും എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന നടപടികൾ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തരവകുപ്പും ബന്ധപ്പെടുന്നതും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയെയാണ്. ഇതാണ് ഈ ചുമതല വഹിക്കുന്നയാളെ കരുത്തനാക്കുന്നത്. ഇതിന് പുറമെയാണ്, ഔദ്യോഗിക ഇന്റലിജൻസ് സംവിധാനം മറികടന്നുള്ള സമാന്തരവിഭാഗം. ഡി.ജി.പിയെ മറികടന്നുള്ള ഇത്തരം പ്രവർത്തനങ്ങളുടെ പേരിൽ സേനയിൽ തന്നെ ‘സൂപ്പർ ഡി.ജി.പി’ എന്ന ഓമനപ്പേരിലാണ് അജിത്കുമാർ അറിയപ്പെടുന്നത്. അനിൽകാന്ത് ഡി.ജി.പിയായിരുന്നപ്പോൾ ക്രമസമാധാന ചുമതലയുടെ തലപ്പത്ത് എത്തിയ അജിത്കുമാറിനായിരുന്നു പൊലീസിൽ സർവാധിപത്യം. എന്നാൽ ഇപ്പോഴത്തെ ഡി.ജി.പിക്ക് ഇതിൽ എതിർപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.