തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടം ആൺകുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ഡി.ജി.പി ആർ ശ്രീലേഖ. ബ്ലോഗിലൂടെയാണ് ഡി.ജി.പിയുടെ പരാമർശം. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം കുട്ടികളുടെ തടവറയാണെന്നും കുത്തിയോട്ടമെന്ന ആചാരത്തിെൻറ പേരിൽ ആയിരത്തോളം കുട്ടികളെ അഞ്ച് ദിവസത്തോളം തുടർച്ചയായി പീഡിപ്പിക്കുകയാണെന്നും ജയിൽ മേധാവി കൂടിയായ ഡി.ജി.പി ബ്ലോഗിൽ കുറിച്ചു.
വർഷങ്ങളായുള്ള ഇത്തരം അനാചാരങ്ങൾ നിർത്തലാക്കണമെന്നും കുട്ടികളുടെ അനുവാദമില്ലാതെയാണ് ക്ഷേത്ര അധികൃതരും മാതാപിതാക്കളും ചേന്ന് ശാരീരികമായി കുട്ടികളെ പീഡിപ്പിക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു. ഇത്തരം ആചാരങ്ങളെ കുട്ടികളുടെ തടവറയെന്ന് വിളിക്കാമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.
കുത്തിയോട്ടമെന്ന ആചാരത്തിന് വിധേയരാകുന്ന കുട്ടികൾ നല്ലവരായും മികച്ച വിദ്യാഭ്യാസമുള്ളവരുമായി വളരുമെന്നാണ് വിശ്വസം. 5നും 12നും ഇടയിൽ പ്രായമുള്ള കുട്ടികളെ ചെറിയ തുണിയുടുപ്പിച്ച് മൂന്ന് ദിവസം തണുത്ത വെള്ളത്തിൽ കുളിപ്പിക്കുകയും, വളരെ കുറച്ച് മാത്രം ഭക്ഷണം നൽകി, ക്ഷേത്രത്തിെൻറ നിലത്ത് കിടത്തിയുറക്കുകയും ചെയ്യും. മൂന്ന് ദിവസവും കുട്ടികൾ മാതാപിതാക്കളിൽ നിന്നും വേർപ്പെട്ട് ക്ഷേത്രത്തിനകത്ത് തന്നെയായിരിക്കും.
ഉത്സവത്തിെൻറ അവസാന ദിനമാണ് കൂടുതൽ കഠിനമായ ചടങ്ങ്. കുട്ടികളെ നിരത്തി നിറുത്തി ശരീരത്തിലൂടെ ചൂട് കമ്പി കുത്തിക്കയറ്റുകയും ആ മുറിവിലേക്ക് ചാരം പൊത്തുകയും ചെയ്യും. കുട്ടികളെ മുൻകൂട്ടി അറിയിക്കാതെയാണ്ആചാരം നടത്തുന്നതെന്നും ശ്രീലേഖ ബ്ലോഗിൽ പറയുന്നു.
കുത്തിയോട്ടം നിയപ്രകാരം കുറ്റകരമാണെന്നും ഉത്സവത്തിൽ നിന്നും കുത്തിയോട്ടം അവസാനിപ്പിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. ഇത്തരം അനാചാരങ്ങളോടുള്ള പ്രതിഷേധത്തിെൻറ ഭാഗമായി ഇത്തവണ പൊങ്കാല അർപിക്കാൻ പോകുന്നില്ലെന്നും ശ്രീലേഖ ബ്ലോഗിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.