റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം വയനാട്ടുകാരോട് പറയാമായിരുന്നു; രാഹുൽ നീതികേട് കാണിച്ചു -ആനി രാജ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നുവെന്ന് ആനി രാജ. അക്കാര്യം മറച്ചുവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നും ആനി രാജ പറഞ്ഞു.

രാഹുലിന്റെ നടപടി രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർഥികളുടെ അവകാശമാണ്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏ​തെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവെച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർ​മാരോടുള്ള അനീതിയാണത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യം പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ല. ഇതിനായുള്ള ചർച്ചകൾ പാർട്ടി ആഴ്ചകൾക്കു മുന്നേ തുടങ്ങിയിട്ടുണ്ടാകും. തീരുമാനമായിട്ടില്ലെങ്കിലും ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത് ചർച്ചയിലുണ്ട് എന്ന് പറയാൻ രാഹുലിന് ധാർമികമായ ബാധ്യതയുണ്ടായിരുന്നുവെന്നും ആനി രാജ ഓർമിപ്പിച്ചു.

രാഹുൽ എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും പോലും വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വയനാട്ടിൽ രണ്ടാമതും മത്സരിച്ചത്. സന്ദർഭത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു. വയനാട്ടിൽ രാഹുലിന്റെ എതിർ സ്ഥാനാർഥിയായിരുന്നു സി.പി.ഐ ദേശീയ നേതാവായ ആനി രാജ.

Tags:    
News Summary - RaeBareli seat: Annie Raja against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.