അഹ്മദാബാദ്: മാനനഷ്ട കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ രാഷ്ട്രീയജീവിതത്തിൽ എട്ടു വർഷം നഷ്ടപ്പെടുമെന്ന് ഗുജറാത്ത് ഹൈകോടതിയിൽ രാഹുൽ ഗാന്ധി.
സ്റ്റേ അനുവദിക്കാത്തതുവഴിയുള്ള പ്രത്യാഘാതം ഒരിക്കലും തിരുത്താൻ കഴിയാത്തതാണ്. മാനനഷ്ട കേസിൽ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യാൻ സൂറത്ത് സെഷൻസ് കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഹൈകോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ചപ്പോൾ രാഹുലിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് ഈ വാദം മുന്നോട്ടു വെച്ചത്.
കേസിൽ ചൊവ്വാഴ്ച വാദം പൂർത്തിയാക്കാൻ പാകത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിനോടും മാനനഷ്ട കേസ് നൽകിയ പൂർണേഷ് ജോഷിയോടും ജസ്റ്റിസ് ഹേമന്ദ് എം. പ്രഛക് നിർദേശിച്ചു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.
മാനനഷ്ട കേസിൽ രണ്ടു വർഷത്തെ പരമാവധി ശിക്ഷ നൽകിയ മജിസ്ട്രേറ്റ് കോടതി വിധിയും സ്റ്റേ അനുവദിക്കാത്ത സെഷൻസ് കോടതി വിധിയും അന്യായമാണെന്ന് അഭിഷേക് സിങ്വി വാദിച്ചു. മാനനഷ്ട കേസ് നേരിടുന്ന രാഹുലിന് ജാമ്യം നിഷേധിക്കാൻ സെഷൻസ് കോടതി ഉദാഹരിച്ചത് തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, മാനഭംഗം തുടങ്ങിയ കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകാതിരുന്ന മുൻകാല കോടതി വിധികളാണ്. അവയത്രയും ഈ കേസിൽ പ്രസക്തമല്ല.
2019ലെ പ്രസംഗത്തിൽ നരേന്ദ്ര മോദി, ലളിത് മോദി തുടങ്ങിയ പേരുകളാണ് രാഹുൽ ഗാന്ധി പറഞ്ഞത്. പരാതിക്കാരനായ പൂർണേഷ് മോദിക്ക് ഒരു ബന്ധവുമില്ല. മോദി സമുദായത്തെ അധിക്ഷേപിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ഹരജി. ഒരു സമുദായത്തെയാകെ പ്രതിനിധാനംചെയ്ത് ഒരു വ്യക്തിക്ക് മാനനഷ്ട കേസ് നൽകാനാവില്ലെന്നാണ് നിയമം. പ്രസംഗം നേരിട്ടു കേൾക്കുകയോ ഡിജിറ്റൽ തെളിവു നൽകുകയോ ചെയ്യാത്ത പൂർണേഷ് നൽകിയ കേസ് യഥാർഥത്തിൽ കോടതിക്കു മുന്നിൽ നിലനിൽക്കുന്നതല്ല. ഹൈകോടതിയും സെഷൻസ് കോടതി വിധി സ്റ്റേ ചെയ്യാതിരുന്നാൽ രാഹുലിന് ഉണ്ടാകുന്നത് രാഷ്ട്രീയത്തിൽ അപരിഹാര്യമായ നഷ്ടമാണ്. എട്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.
ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പു നടക്കുകയും പുതിയ ജനപ്രതിനിധി വരുകയും ചെയ്ത ശേഷം രാഹുലിന് അനുകൂലമായാണ് അപ്പീലിൽ തീരുമാനം വരുന്നതെങ്കിൽ, അദ്ദേഹത്തിനുണ്ടായ നഷ്ടം ആർക്കും നികത്തിക്കൊടുക്കാൻ പറ്റില്ല.
ക്രിമിനൽ മാനനഷ്ട കേസുകളിൽ നൽകാവുന്ന പരമാവധി ശിക്ഷ രണ്ടു വർഷമാണ്. എന്നാൽ ഇത്ര ദീർഘകാലത്തെ ശിക്ഷ മുമ്പുണ്ടായതായി കേട്ടുകേൾവിപോലുമില്ല. ഏറിയാൽ അഞ്ചു മാസമൊക്കെയാണ് ശിക്ഷിക്കുക. മജിസ്ട്രേറ്റ് കോടതി പക്ഷേ, പരമാവധി ശിക്ഷ നൽകി. ഇതാണ് എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
എന്നാൽ ഹൈകോടതിക്ക് ശിക്ഷ സ്റ്റേ ചെയ്യാനാവില്ലെന്നും ഹരജിയുടെ ഗൗരവം കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ മിതേഷ് അമിൻ, പൂർണേഷ് ജോഷിക്കു വേണ്ടി ഹാജരായ നിരുപം നാനാവതി എന്നിവർ വാദിച്ചു.
ലഖ്നോ: രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈകോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ബി.ജെ.പി മുൻ മന്ത്രി മായാ കൊട്നാനിയുടെ അഭിഭാഷകരിൽ ഒരാളായിരുന്ന, ജസ്റ്റിസ് ഹേമന്ത് എം. പ്രഛക്. 2002ലെ ഗുജറാത്ത് കലാപക്കേസുകളിലാണ് മായാ കൊട്നാനിക്ക് വേണ്ടി ഹേമന്ത് എം. പ്രഛക് ഹാജരായത്. അഹ്മദാബാദിലെ നരോദ പാട്യ, നരോദ ഗാം പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം മുസ്‌ലിംകളെ കൊലപ്പെടുത്തിയ കേസുകളിലൊന്നിൽ പ്രഛക്, മായാ കൊട്നാനിക്ക് വേണ്ടി വാദിച്ചിരുന്നു. നരോദ പാട്യ, നരോദ ഗാം കേസുകളിലെ എല്ലാ പ്രതികളെയും ഗുജറാത്തിലെ പ്രത്യേക കോടതി കുറ്റമുക്തരാക്കിയതും ശ്രദ്ധേയമാണ്.
ഗുജറാത്ത് ഹൈകോടതിയിലാണ് ഹേമന്ത് പ്രഛക് പ്രാക്ടീസ് ആരംഭിച്ചത്. 2002 മുതൽ 2007വരെ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. 2021ൽ ജഡ്ജിയാവുന്നതിന് മുമ്പ് 2015ലും 2019ലും ഗുജറാത്ത് ഹൈകോടതിയിൽ കേന്ദ്രസർക്കാറിന്‍റെ സ്റ്റാൻഡിങ് കൗൺസലായിരുന്നു.
2019ൽ കർണാടകയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലുള്ള മാനനഷ്ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ ഹരജി നേരത്തെ സൂറത് സെഷൻസ് കോടതി തള്ളിയിരുന്നു. സെഷൻസ് കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജ് മൊഗേര 2006ൽ തുൽസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ, ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധി ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.