തിരുവനന്തപുരം: മോദി സർക്കാർ നടത്തിയ ഭരണകൂട ഭീകരതകളിൽ ഏറ്റവും ക്രൂരമായതാണ് പൗരത്വ നിയമമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിന്‍റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
‘കോൺഗ്രസ് ഇല്ലെങ്കിലെന്താ കുഴപ്പമെന്ന് ചോദിക്കാറില്ലെ? കോൺഗ്രസ് അധികാരത്തിൽ ഇല്ലെങ്കിലെന്താണ് എന്ന് ചോദിക്കാറില്ലെ? ഇതാണ് ഉത്തരം. കോൺഗ്രസല്ലെങ്കിൽ രാജ്യത്തെ പൗരനെ മതത്തിന്റെ പേരിൽ വിഭജിക്കും. രാജ്യത്തിനെ കീറി മുറിക്കും. ഇത് മോദിയുടെ സർക്കാർ നടത്തിയ ഭരണകൂട ഭീകരതകളിൽ ഏറ്റവും ക്രൂരമായതാണ്’ -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേയാണ് ഇന്ന് വൈകീട്ട് വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിന്‍റെ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. വ്യാപക എതിർപ്പുകൾക്കിടയിൽ നാലു വർഷം മുമ്പ് പാർലമെന്‍റിൽ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയിൽ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തിൽ വന്നത്.
മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്‍ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.
മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണെന്നും ഇപ്പോഴും അടിവരയിട്ടു പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ വർഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.