പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് ശുക്രദശയാണെന്നും പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. നടക്കാൻ പോകുന്ന കാര്യമാണ് പറഞ്ഞതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. പൊലീസിന്റെ പാതിരാ റെയ്ഡിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയിൽ പാതിരാത്രിയിൽ വനിതാ പൊലീസില്ലാതെ റെയ്ഡിനെ കെ. സുധാകരൻ രൂക്ഷ വിമർശിച്ചു. അപ്രതീക്ഷിതമായ സംഭവമാണ് ഇന്നലെ നടന്നത്. ഷാനിമോൾ ആയതു കൊണ്ടാണ് മാന്യമായി പെരുമാറിയത്. മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ ചെരുപ്പ് എടുത്ത് അടിക്കുമായിരുന്നു. ധീരരായ കോൺഗ്രസിന്റെ വനിതാ നേതാക്കളെ പൊലീസിന്റെ ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്താൻ സാധിക്കില്ല.
പാതിരാത്രിയിൽ പരിശോധന നടത്താനുള്ള ഉത്തരവ് ആരാണാ നൽകിയത്?. എന്ത് സാഹചര്യത്തിലാണ് ഉത്തരവ് കൊടുത്തത്?. വനിതാ നേതാക്കളുടെ മുറികൾ പരിശോധിച്ചിട്ട് കള്ളപ്പണം കിട്ടിയോ?. കള്ളപ്പണം കിട്ടാത്ത സാഹചര്യത്തിൽ സോറി പറഞ്ഞിട്ട് പോകാനുള്ള മര്യാദ കാണിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ തുടരാൻ അനുവദിക്കരുത്. കൊടുംപാതകമാണ് പൊലീസ് ചെയ്തത്. പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആളുകൾ ഒരുമിച്ച് നിന്നല്ലേ ഇന്നലെ മുദ്രാവാക്യം വിളിച്ചത്. ഇന്നലെ വരെ കോൺഗ്രസിനെതിരെ ബി.ജെ.പി ബന്ധമെന്ന് ആരോപിക്കുന്ന സി.പി.എം നേതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്നും കെ. സുധാകരൻ ചോദിച്ചു.
സി.പി.എം നാശത്തിന്റെ പാതയിലേക്കാണ് പോകുന്നത്. നേർവഴിക്ക് സഞ്ചരിക്കാൻ സാധിച്ചില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ജനങ്ങൾ തള്ളുമെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.