കൊച്ചി: ഉപേയാഗശൂന്യമെന്ന് കണ്ടതിനെത്തുടർന്ന് പിടിച്ചെടുത്ത 15,000 ടൺ ഗോതമ്പ് കഴുകിയെടുത്താൽ ഭക്ഷ്യയോഗ്യമാകുമോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷ വിഭാഗത്തിന് ഹൈകോടതിയുടെ നിർദേശം. മാലിന്യം നീക്കം ചെയ്തശേഷം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. -ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്താതെ ഗോതമ്പ് വിപണിയിലെത്തിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
കോഴിക്കോട് ആസ്ഥാനമായ പീകെ റോളർ ഫ്ലവർ മിൽ 2016 ഡിസംബറിൽ യുെക്രയ്നിൽനിന്ന് 20,000 ടൺ ഗോതമ്പ് െകാച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്തു. ഗോതമ്പ് പഴകിയതും ഫംഗസ് ബാധയുള്ളതുമാണെന്ന് കണ്ടെത്തി ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുക്കുകയും നീക്കം ചെയ്യുന്നത് തടയുകയും ചെയ്തു. ഗോതമ്പ് കഴുകിയെടുത്ത് ഉപയോഗിക്കാനാവുമെന്നും പിടിച്ചെടുക്കുന്നത് തടയണമെന്നും കാണിച്ച് മില്ലുടമ നൽകിയ ഹരജിയിൽ 20 ടൺ ഗോതമ്പ് കഴുകിയെടുത്ത് നിലവാരം പരിശോധിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭക്ഷ്യസുരക്ഷ കമീഷണർ നൽകിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.
ഗോതമ്പ് കഴുകിയെടുക്കാമെന്ന വ്യവസ്ഥ ഭക്ഷ്യസുരക്ഷ നിയമത്തിൽ ഇല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സിംഗിൾ ബെഞ്ചിെൻറ ഇൗ നിർദേശത്തിൽ തെറ്റില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗോതമ്പ് കഴുകിയെടുത്ത് പരിശോധിക്കുന്ന നടപടികൾ നിരീക്ഷിക്കാൻ സിംഗിൾ ബെഞ്ച് അഭിഭാഷക കമീഷനെ നിയോഗിച്ച നടപടി ഉചിതമായില്ല. ഇതിന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെതന്നെ ചുമതലപ്പെടുത്താമായിരുന്നു. ഉപയോഗശൂന്യമാണെങ്കിൽ ഗോതമ്പ് നശിപ്പിച്ചുകളയണമെന്നും ഇവ വിപണിയിലെത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.