ഏകീകൃത യാത്രാനിരക്ക് പഴങ്കഥയാകും; എല്ലാ ട്രെയിനിലും ഫ്ലെക്സി ചാര്‍ജിന് നീക്കം

തിരുവനന്തപുരം: റെയില്‍വേയിലെ സ്ളീപ്പര്‍, എ.സി ക്ളാസുകളിലടക്കം തിരക്കിനും സര്‍വിസിനും ചാര്‍ജ് വര്‍ധന ഏര്‍പ്പെടുത്താന്‍ ആലോചന. നിലവിലെ ഏകീകൃത നിരക്ക് സംവിധാനം മാറ്റി ഒരേ ക്ളാസില്‍ തന്നെ ട്രെയിന്‍ സര്‍വിസ്, സ്റ്റോപ്പുകളുടെ എണ്ണം, വേഗം, സഞ്ചരിക്കുന്ന പ്രദേശം, ഗ്രാമ-നഗരങ്ങള്‍, മെട്രോസിറ്റികള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിക്കാനാണ് നീക്കം. ഒരേ ക്ളാസില്‍ ഒരേ ദൂരപരിധിയിലെ യാത്രക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ പല നിരക്കുകളാവും ഭാവിയില്‍ നല്‍കേണ്ടിവരിക. പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി പ്രധാന ഡിവിഷനുകളില്‍നിന്ന് നിര്‍ദേശങ്ങളും വിശദാംശങ്ങളും റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ 146 പ്രീമിയം ട്രെയിനുകളിലാണ് തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന ഫ്ളെക്സി ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സംവിധാനം മറ്റ് പ്രധാന ട്രെയിനുകളില്‍കൂടി വ്യാപിപ്പിക്കാനാണ് ശ്രമം. ഇതിന് മുന്നോടിയായി താരിഫ് നിര്‍ണയിക്കുന്നതിന് അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തും. നിലവില്‍ ബജറ്റുകളിലാണ് നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. പുതിയസമിതി നിലവില്‍വരുന്നതോടെ ഈരീതിയും ഇല്ലാതാക്കും. 92 വര്‍ഷത്തെ പാരമ്പര്യം അവസാനിപ്പിച്ച്   റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതിനുശേഷം റെയില്‍വേയിലെ രണ്ടാമത്തെ സുപ്രധാനനടപടിയാണ് താരിഫ് നിര്‍ണയസമിതിയുടെ രൂപവത്കരണം.

നിരക്ക് ഭേദഗതിക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാകുന്നതോടെ യാത്രക്കാര്‍ക്കാവും തിരിച്ചടിയാവുക. യാത്രക്കാര്‍ക്കുള്ള സബ്സിഡി-ആനുകൂല്യ ഇനങ്ങളില്‍ 34000 കോടി റെയില്‍വേക്ക് പ്രതിദിനനഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഈ നഷ്ടം കുറക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങള്‍. യാത്രാനിരക്കിനൊപ്പം ചരക്ക് ഗതാഗത നിരക്കും നിര്‍ണയിക്കാനുള്ള അധികാരം ഈ സമിതിക്കുണ്ടാകും. അതേസമയം യാത്രക്കൂലി ഇനത്തിന് പുറമേയുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രത്യേകംനയം തന്നെ തയാറാക്കുമെന്നാണ് വിവരം. ഇതിനും പ്രത്യേകസമിതിയെ നിയോഗിച്ചിട്ടുണ്ട്.

യാത്രാനിരക്ക് വര്‍ധനക്കുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ റെയില്‍വേ ടിക്കറ്റുകളില്‍ ചാര്‍ജിനൊപ്പം ആകെ യാത്രാച്ചെലവും സര്‍ക്കാര്‍ വഹിക്കുന്ന സബ്സിഡി നിരക്കും കൂടി രേഖപ്പെടുത്തുന്നുണ്ട്. കൗണ്ടറുകളില്‍നിന്നും പുറമേ ഓണ്‍ലൈനായും എടുക്കുന്ന എല്ലാ ടിക്കറ്റുകളിലും സബ്സിഡി നിരക്ക് കൂടി പ്രിന്‍റ് ചെയ്താണ് വിതരണം ചെയ്യുന്നത്. നിലവില്‍ മൊത്ത യാത്രാച്ചെലവിന്‍െറ 57 ശതമാനം മാത്രമേ യാത്രാക്കാരില്‍നിന്ന് ഈടാക്കുന്നുള്ളൂവെന്നാണ് റെയില്‍വേയുടെ വിശദീകരണം. സബര്‍ബന്‍ ട്രെയിനുകളില്‍ 37 ശതമാനവും.

Tags:    
News Summary - railway ticket fare will increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.