വയനാട്ടിൽ ഒരു പഞ്ചായത്തിൽ മാത്രം മഴ! സ്കൂൾ അവധി പ്രഖ്യാപിച്ചത് രാവിലെ 8.30ന്; കലക്ടറുടെ പേജിൽ പൊങ്കാല

കൽപറ്റ: ജില്ല മുഴുവൻ കനത്ത മഴ പെയ്തിട്ടും ഒരു പഞ്ചായത്തിൽ മാത്രം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച വയനാട് കലക്ടർ എ. ഗീതയുടെ നടപടിക്കെതിരെ വ്യാപക വിമർശനം. തവിഞ്ഞാൽ പഞ്ചായത്തിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി നൽകിയത്. മറ്റ്‌ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്‌ മാത്രമാണ് അവധി. ഇതാകട്ടെ രാവിലെ 8.27നാണ് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിച്ചത്.

ഒരുപഞ്ചായത്തിൽ മാത്രം പെയ്യുന്ന മഴ പുതിയ പ്രതിഭാസമാണെന്നായിരുന്നു കമന്റുകൾ. ജില്ലയിൽ മൊത്തത്തിൽ നല്ല മഴയായിട്ടും തവിഞ്ഞാലിൽ മാത്രം എന്താണ് പ്രത്യേകതയെന്നായിരുന്നു ചോദ്യം. സ്കൂളിൽ പോകാൻ ഒരുങ്ങിയ ശേഷം അവസാന നിമിഷം അവധി പ്രഖ്യാപിക്കുന്നതിനെതിരെയും ആളുകൾ രോഷംകൊണ്ടു. രാവിലെ 9 മണിക്ക് ഓൺലൈൻ വഴി അവധി പ്രഖ്യാപിക്കുന്നത് കോമഡിയാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത്, വാർഡ് തലത്തിൽ നടപ്പാക്കാൻ ഇതെന്താ ഹർത്താൽ ആണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ചെറിയ ക്ലാസിൽ പഠിക്കുന്ന എല്ലാ മക്കൾക്കും ലീവ് ബാധകമാക്കി കൂടേയെന്നും ഇവർ ചോദിക്കുന്നു. 'വയനാട്ടിൽ എല്ലായിടത്തും കനത്ത മഴയാണ്. ഇതിനെ കുറിച്ച് കൃത്യമായി വിവരങ്ങൾ ശേഖരിക്കുവാൻ കഴിയുന്ന സംവിധാനം ഇല്ലേ? അതിന്റെയൊക്കെ അടിസ്ഥാനത്തിലല്ലേ തീരുമാനം എടുക്കേണ്ടത്? അല്ലാതെ ഒരു പഞ്ചായത്തിന്, ഒരു വാർഡിന് ഒക്കെ കണ്ടയ്‌മെന്റ് സോൺ ആക്കിയ പോലെ അവധി പ്രഖ്യാപിക്കാൻ ഇത് കോവിഡ് അല്ല മാഡം' എന്ന് മറ്റൊരാൾ ഓർമിപ്പിച്ചു.

കമന്റുകളിൽ ചിലത്:

  • 'തവിഞ്ഞാൽ പഞ്ചായത്തിന്റെ തൊട്ട് അടുത്തായ എടവകയിലും കനത്ത മഴയാണ് മാഡം'
  • 'പ്രിയ മാഡം ബത്തേരി മേഖലയിലും ഇന്നലെ മുതൽ ഈ കമന്റ്‌ ഇടുന്ന സമയത്തും മഴയാണ്'
  • 'വയനാട്ടിൽ പഞ്ചായത്ത്, വാർഡ് അടിസ്ഥാനത്തിൽ ആണോ മഴ പെയ്യുന്നത്?'
  • 'ചെറിയ കുട്ടികളടക്കം ഈ ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ സ്കൂളിൽ പോവട്ടെ എന്നാണോ? പിന്നെ എനിക്ക് എന്റെ കുട്ടികൾ പ്രാധാന്യം ആയത് കൊണ്ട് ഞാൻ തന്നെ ലീവ് കൊടുത്തു'
  • 'നിയമപാലകരിൽ നിന്ന് കനിവ് പ്രതീക്ഷിച്ചു കാത്തിരിക്കേണ്ട കാര്യമില്ല രക്ഷിതാക്കൾക്കും അനുയോജ്യമായ തീരുമാനമെടുക്കാം. കുട്ടികളെ സ്കൂളിലേക്ക് വിടണോ വേണ്ടയോ എന്ന്. ഞാൻ അവധി പ്രഖ്യാപിച്ചു.'
  • 'ഈ കനത്ത മഴയുള്ളപ്പോൾ പിഞ്ചു കുഞ്ഞുങ്ങളെയും കുട്ടികളെയും സ്കൂളിലേക്ക് അയക്കേണ്ടി വരുന്നത് ക്രൂരതയല്ലേ?. ഈ ബാലാവകാശ കമ്മീഷനൊന്നും ഇല്ലേ ഒരു ഉപദേശം കൊടുക്കാൻ ?. മുൻപെല്ലാം ജില്ലാ ഭരണകൂടം അല്പം ഹൃദയംകൊണ്ട് നോക്കിയിരുന്നു'
  • 'പെരും മഴയത്ത് എന്തിനാണ് ചെറിയ കുട്ടികളെ ഇങ്ങനെ കഷ്ടപെടുത്തുന്നത്'
  • 'വയനാടിൻ്റെ മലമ്പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. വയൽപ്രദേശങ്ങൾ തോടും പുഴയും നിറഞ്ഞു വെള്ളപ്പൊക്ക ഭീതിയിലുമാണ്. വഴി നീളെ ഏത് നിമിഷവും പൊട്ടിവീഴാവുന്ന മരങ്ങളാണ്. മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. കാറ്റത്ത് കുട്ടികളുടെ കുടകൾ ഒടിഞ്ഞു പോവുന്നത് പതിവാണ്. മാഡം അടിയന്തിരമായി ഹെലികോപ്റ്ററിലെങ്കിലും ഒന്ന് വയനാടിൻ്റെ ഉൾപ്രദേശങ്ങൾ സന്ദർശിക്കുന്നത് നല്ലതാണ്. പിഞ്ചു മക്കൾ തിരിച്ചെത്തുന്നത് വരെ നെഞ്ചു പിടഞ്ഞാണ് രക്ഷിതാക്കൾ വീട്ടിലിരിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ ഉണർന്നു പ്രവർത്തിക്കാൻ അങ്ങയ്ക്കു സാധിക്കട്ടെ'
  • 'കനത്ത മഴയത്ത് സ്കൂൾ അടക്കാൻ ഒരു ദുരന്തത്തിനു കാത്തു നിൽക്കണോ മാഡം'
  • 'ഏപ്രിൽ, മെയ്‌ സ്കൂൾ വെച്ചിട്ട് ജൂൺ, ജൂലൈ വെക്കേഷൻ ആക്കണം'
  • 'പിള്ളേരൊക്കെ സ്കൂളിൽ എത്തിയിട്ടാണോ ഈ തീരുമാനങ്ങൾ എടുക്കുന്നെ..'
  • 'മുഴുവനായും അവധി കൊടുക്കാൻ എന്തെങ്കിലും ദുരന്തം വരുംവരെ കാത്ത് നിൽകുകയായിരിക്കും അല്ലേ മാഡം...'
  • 'തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രമെ മഴ പെയ്യുന്നുള്ളോ ബാക്കി ഉള്ള സ്ഥലത്ത് പെയ്യുന്നത് മഴയല്ലായിരിക്കും അല്ലയോ'
  • 'സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അധ്യയന വർഷം ഉപയോഗിച്ച ജില്ല എന്ന സമ്മാനം വാങ്ങാൻ നിൽക്കുന്നതാണോ... ജില്ലയിൽ എല്ലായിടത്തും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്.കൂടെ അതിശക്തമായ കാറ്റും വീശുന്നു.തോട് പുഴകൾ ഏതാനും കരകവിഞ്ഞൊഴുകാൻ തുടങ്ങി.. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ട്'
  • 'എന്തെങ്കിലും അത്യാഹിതം സംഭവിക്കണം. അതുവരെ ഇങ്ങനെ പോകും. മാത്രമല്ല പല സ്കൂളിലും കറന്റ്റില്ല. ചോർ എങ്ങനെ വെയ്ക്കും.'
  • 'നമ്മുടെ മക്കളെ നമ്മുക്ക് ആവശ്യം ഉണ്ടെങ്കിൽ നമ്മൾ അവരെ വീട്ടിലിരുത്തുക അത്ര യുള്ളൂ✊'
  • 'ലേശം ബുദ്ധിയുള്ള ആരും വയനാട്ടിൽ 🤦‍♀️'
  • 'നമ്മുടെ കലക്ടർ പഴയ ഏതോ school ലെ HM ആണെന്ന് തോന്നുന്നു😢😢😢'
  • 'തവിഞ്ഞാലിന്റെ അടുത്ത് പ്രദേശമാണ് തൊണ്ടർനാട് തവിഞ്ഞാലിലെ പോലെ തൊണ്ടർനാട്ടിലും മഴ പെയ്യുന്നുണ്ട്'
  • 'മേപ്പാടിയിലും കനത്ത മഴയാണ് madam'
Tags:    
News Summary - Rain holiday only in one panchayat in Wayanad, declared at 8.30 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.