പാലക്കാട്: ജനുവരി 19ഓടെ തുലാവർഷം രാജ്യത്തുനിന്ന് പൂർണമായും പിൻവാങ്ങിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. 2020ൽ ജനുവരി 10നാണ് പിൻവാങ്ങിയത്. നിലവിൽ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴിമൂലം അടുത്ത രണ്ടു ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോടെ മഴ തുടരാനാണ് സാധ്യത.
അതേസമയം, ജനുവരിയിൽ ഇതുവരെ എല്ലാ ജില്ലകളിലും റെക്കോഡ് മഴയാണ് ലഭിച്ചത്. ആദ്യ രണ്ടു വാരത്തിൽ ശരാശരി 4.2 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിൽ ഇക്കുറി പെയ്തത് 101.3 മില്ലിമീറ്റർ മഴയാണ്. കഴിഞ്ഞ 71 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജനുവരിയാണിത്. 1985ൽ ലഭിച്ച 61.2 മില്ലിമീറ്റർ മഴയായിരുന്നു ഇതുവരെ റെക്കോഡ്.
പസഫിക് സമുദ്രത്തിൽ നിലവിലുള്ള 'ലാനിന' പ്രതിഭാസവും അതോടൊപ്പം കിഴക്കൻ കാറ്റ് ശക്തമായി തുടർന്നതും ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷെൻറ (എം.ജെ.ഒ) ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യവുമാണ് റെക്കോഡ് മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ജനുവരി ആദ്യവാരങ്ങളിൽ 100 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചു. കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 9.9 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കേണ്ട ഇവിടെ ഇതുവരെ ലഭിച്ചത് 232.3 മില്ലിമീറ്റർ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിെൻറ കണക്കുകൾ കാണിക്കുന്നു. കോഴിക്കോട് -162.9 മില്ലിമീറ്റർ, കോട്ടയം- 138.8 മില്ലിമീറ്റർ, കാസർകോട്- 108.3 എന്നിങ്ങനെയാണ് ജനുവരി ആദ്യ രണ്ടു വാരങ്ങളിൽ ലഭിച്ച മഴ. ഒക്ടോബർ 28നാണ് ഇത്തവണ തുലാവർഷം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.