മൂന്നാർ: ''എൻ പുള്ളകളേ... എൻ പിറപ്പേ... എടി കസ്തൂരിയേ. എപ്പടിയാവത് തിരികെ കൊടുക്ക മുടിയുമാ.. അന്ത മണ്ണുക്കുകീഴെ എൻ പുെള്ളെകൾ ഇരുക്ക സാർ.....'' ദുരന്തഭൂമിയിലെ തേയിലക്കാടുകളിൽ 70കാരി കറുപ്പായിയുടെ രോദനം മാറ്റൊലികൊണ്ടു. ഭർത്താവും മൂന്ന് പെൺമക്കളും അവരുടെ ഭർത്താവിനെയും പേരക്കുട്ടികളെയും തിരക്കിയാണ് കറുപ്പായി ശനിയാഴ്ച രാവിലെതന്നെ ദുരന്തഭൂമിയിലെത്തിയത്. അവർക്കറിയാം അവരൊന്നും ഇനി ജീവനോടെ ഉണ്ടാവില്ലെന്ന്.
എങ്കിലും തിരച്ചിൽ നടക്കുമ്പോൾ, ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോൾ എല്ലായിടത്തും ഓടിയെത്തി ഇവരുടെ പേരുകൾ ചോദിച്ചുകൊണ്ടേയിരുന്നു.
ഉരുൾ കൊണ്ടുപോയ പെട്ടിമുടിയിലെ തൊഴിലാളി ലയങ്ങളിലൊന്നിൽ ബാക്കിവെച്ച ചുരുക്കം ചില പേരുകളിലൊന്നാണ് കറുപ്പായി. ഇവരുടെ ഭർത്താവ് ഷൺമുഖം തേയിലക്കമ്പനിയിലെ തൊഴിലാളിയാണ്. പെൺമക്കളായ സീതാലക്ഷ്മി, ശോഭന കസ്തൂരി എന്നിവരുടെ കുടുംബങ്ങളും മുൻവരിയിലെ അടുത്തടുത്ത മൂന്ന് ലയങ്ങളിലാണ് താമസിച്ചിരുന്നത്. അഞ്ചുമാസം ഗർഭിണിയായിരുന്നു കസ്തൂരി.
ഒരു നിമിഷനേരം കൊണ്ടാണ് ഉരുൾ വന്ന് ഇവരുടെ ലയങ്ങളെ മൂടിയത്. ശബ്ദംകേട്ട് പുറത്തിറങ്ങിയ കറുപ്പായി കണ്ടത് ഇടിഞ്ഞുവരുന്ന വലിയ മൺകൂനയും പെരുവെള്ളവുമാണ്. ദുരന്തം നടന്ന ലയങ്ങളുടെ മറുവശത്താണ് കറുപ്പായി കിടന്നിരുന്നത്. തപ്പിത്തടഞ്ഞ് മക്കളുടെ ലയം വരെ എത്തിയെങ്കിലും അവിടം ശൂന്യമായിരുന്നു.
കറുപ്പായിയുടെ പെൺമക്കളെക്കൂടാതെ അവരുടെ ഭർത്താക്കന്മായ രാജ, പ്രവീഷ്, കണ്ണൻ, ചെറുമക്കളും ഇരട്ടക്കുട്ടികളുമായ വിജയലക്ഷ്മി (9) വിഷ്ണു (9), നദിയ (11), പ്രിയദർശിനി, തനുഷ്ക, ലക്ഷ്ണശ്രീ എന്നിവരെയും കണ്ടുകിട്ടാനുണ്ട്.
ശനിയാഴ്ച ഇരുട്ട് വീഴുമ്പോഴും കലങ്ങിയ മനവും തോരാത്ത കണ്ണീരുമായി കറുപ്പായി മക്കളുടെ ലയത്തിലേക്ക് നോക്കിനിൽക്കുന്നത് കണ്ടുനിന്നവരുടെയും കരളലിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.