തിരുവനന്തപുരം: രാജ്യസഭ സ്ഥാനാർഥിയായി ജെബി മേത്തറെ നിയമിച്ച ഹൈകമാൻഡ് തീരുമാനത്തിന് സംസ്ഥാന കോൺഗ്രസിൽ പൊതുസ്വീകാര്യത. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾക്കും നേതാക്കൾക്കും പുറമെ ജെബിക്കൊപ്പം പാനലിൽ ഉൾപ്പെട്ടിരുന്നവരും ഹൈകമാൻഡ് തീരുമാനത്തോട് യോജിച്ചതോടെ പാർട്ടിയിൽ 'ആഭ്യന്തര തർക്കം' ഒഴിവായതിന്റെ സന്തോഷത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. കേരളത്തിൽനിന്ന് ഇതാദ്യമായി മുസ്ലിം വനിതയെ പാർലമെന്റിൽ എത്തിക്കാൻ സാധിക്കുന്നത് രാഷ്ട്രീയനേട്ടമാകുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു.വനിത, യുവത്വം, ഇതുവരെ മത്സരിക്കാൻ അവസരം ലഭിക്കാത്തത്, ന്യൂനപക്ഷ സമുദായാംഗം എന്നിവയാണ് ജെബിയുടെ സ്ഥാനാർഥിത്വത്തിന് അവസരമൊരുക്കിയത്.
സംസ്ഥാന കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും യുവനിരയിലെ പല പ്രമുഖരും ആഗ്രഹിച്ച രാജ്യസഭ സീറ്റാണ് ജെബിക്ക് ലഭിച്ചത്. കെ.പി.സി.സി നൽകിയ പാനലിൽ യുവത്വത്തിന്റെ പ്രതീകങ്ങളായി വേറെ പേരുകളും ഉണ്ടായിരുന്നെങ്കിലും ഏകവനിത ജെബിയായിരുന്നു. സീറ്റ് നിഷേധത്തിന്റെ പേരിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂർധന്യാവസ്ഥയിൽ ലതിക സുഭാഷ് നടത്തിയ തലമുണ്ഡനം സംസ്ഥാന കോൺഗ്രസിന് സ്ത്രീവിരുദ്ധപട്ടം ചാർത്തി നൽകിയിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയതോതിൽ പരിക്കേൽപിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ജെബി ഏറെ അപ്രതീക്ഷിതമായാണ് ലതികയുടെ പിൻഗാമിയായി സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷയായത്. പിന്നാലെയാണ് രാജ്യസഭയിലേക്കും വഴിതുറക്കുന്നത്. ഹൈകമാൻഡ് നിർദേശിച്ച ശ്രീനിവാസൻ കൃഷ്ണന്റെ പേര് പാനലിൽപോലും ഉൾപ്പെടുത്താൻ കഴിയാത്തവിധം സംസ്ഥാന നേതാക്കളിൽനിന്നുള്ള എതിർപ്പ് ശക്തമായിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഒഴിവിലേക്ക് എക്കാലവും അദ്ദേഹവുമായി അടുത്തബന്ധമുള്ള കുടുംബത്തിലെ അംഗം കൂടിയാണ് പിൻഗാമിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.