കോഴിക്കോട്: ആത്മസംസ്കരണത്തിെൻറ പാതയിൽ വ്രതശുദ്ധിയുടെ മാസത്തിന് തുടക്കം. നീണ്ട പ്രാർഥനകളിലൂടെയും ദൈവപ്രകീർത്തനങ്ങളിലൂടെയും പാപമോചനം തേടുന്ന ദിനരാത്രങ്ങളാണിനി. പകൽ റമദാൻ നോമ്പനുഷ്ഠിക്കുന്ന വിശ്വാസികൾ ഖുർആൻ പാരായണത്തിലും പ്രാർഥനയിലും രാത്രി ദീർഘനേരം നമസ്കാരത്തിലും മുഴുകും.
കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മത് ഹാജി, മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ തിങ്കളാഴ്ച റമദാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ ഇബ്‌റാഹീം ഖലീല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ.പി. മുഹമ്മദ് മുസ്ലിയാര് എന്നിവരും അറിയിച്ചു. തിങ്കളാഴ്ച നോമ്പ് തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.കടുത്ത വേനൽച്ചൂടിൽ തുടങ്ങുന്ന ഇക്കൊല്ലത്തെ നോമ്പ് ഇടവപ്പാതിയിലേക്ക് നീളും. ഡൽഹിയിലും മുംബൈയിലും ബുധനാഴ്ചയാണ് റമദാൻ ഒന്ന്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം
ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നു മുതൽ റമദാൻ വ്രതം ആരംഭിക്കും. ഒമാനിൽ ചൊവ്വാഴ്ചയാണ് റമദാൻ ഒന്ന്. സൗദി അറേബ്യയിൽ ശനിയാഴ്ച മാസപ്പിറവി കാണാഞ്ഞതിനാൽ ശഅ്ബാൻ 30 പൂർത്തീകരിച്ച് തിങ്കളാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു.
യു.എ.ഇയിൽ നീതി കാര്യ മന്ത്രി സുൽത്താൻ ബിൻ സഇൗദ് അൽ ബാദി അൽ ദഹീരിയുടെ നേതൃത്വത്തിലെ സമിതിയാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. കുവൈത്തിൽ തിങ്കളാഴ്ച റമദാൻ ഒന്ന് ആണെന്ന് ഒൗഖാഫ് മന്ത്രാലയം പ്രഖ്യാപിച്ചു.
ശറഇ കമ്മിറ്റി യോഗം ചേർന്ന് ശനിയാഴ്ച തന്നെ തീരുമാനം അറിയിച്ചിരുന്നു. ബഹ്റൈനിൽ ഇസ്ലാമിക് സുപ്രീം കൗൺസിലാണ് റമദാൻ തിങ്കളാഴ്ച മുതലാണെന്ന കാര്യം അറിയിച്ചത്.ഖത്തറിൽ ഡോ. ശൈഖ് ഥഖീൽ അൽ ശമ്മാരിയുടെ അധ്യക്ഷതയിൽ ചേർന്ന മാസപ്പിറവി നിർണയ സമിതി റമദാൻ മാസം തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബംഗളൂരുവിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച്ച
ബംഗളൂരു: ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും റമദാൻ മാസപ്പിറവി കാണാത്തതിനാൽ റമദാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്‌ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.