‘‘നോമ്പിങ്ങടെത്താനായി അല്ലേ, എത്ര പെട്ടെന്നാ കൊല്ലങ്ങള് കടന്നുപോണത്!’’ -കോഴിക്കോട് ചേവായൂർ ത്വഗ്രോഗാശുപത്രിയിൽ രണ്ടാം വാർഡിനു മുന്നിലെ വരാന്തയിൽ കിടക്കുന്ന ബെഞ്ചുകളിലൊന്നിലിരുന്ന് 85കാരനായ അബ്ദുല്ലക്കോയ പറഞ്ഞുതുടങ്ങി. ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് 32 നോമ്പുകാലങ്ങൾ കഴിച്ചുകൂട്ടിയിട്ടുണ്ട് അദ്ദേഹം. യുവത്വത്തിെൻറ ചൂടും ചൂരുമായി പറന്നുകളിക്കേണ്ട കാലത്ത് രോഗത്തിെൻറ പിടിയിലമർന്ന് ശോഷിച്ചപ്പോഴും ആ അവസ്ഥ മാറി പിന്നീട് ശരീരം മുഴുവൻ അതിെൻറ ഓർമകളുടെ നോവ് തൊട്ടുണർത്തുന്ന ജീവിതസായാഹ്നത്തിലും അബ്ദുല്ലക്കോയക്ക് നോമ്പെന്നു പറഞ്ഞാൽ ഒരു വികാരമേയുള്ളൂ; അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുക.
ഇടിയങ്ങരയിെല ഒരു തറവാട്ടിൽനിന്നുള്ള അദ്ദേഹം അപകടത്തെത്തുടർന്ന് കാലിനേറ്റ പരിക്കുമായാണ് മൂന്നു പതിറ്റാണ്ടുമുമ്പ് ചേവായൂരെത്തുന്നത്. അതിനിടയിലെപ്പോഴോ കുഷ്ഠവും കീഴ്പ്പെടുത്തി. പിന്നീട് തിരിച്ചു വീട്ടിലേക്ക് മടങ്ങാൻ തോന്നിയില്ല. നോവിെൻറ കണ്ണീർക്കാലത്തിലൂടെ ജീവിതം ഒറ്റക്കു തുഴയാനായിരുന്നു പടച്ചവൻെറ വിധി. ജർമനിയിലെ ബാസൽ മിഷൻകാർ ആശുപത്രി നോക്കിനടത്തുന്ന കാലം മുതലുള്ള നോമ്പോർമകളുണ്ട് അബ്ദുല്ലക്കോയക്ക് പങ്കുവെക്കാൻ. അന്നെല്ലാം ദുരിതത്തിെൻറ നാളുകളായിരുന്നു നോമ്പുകാലവും. ആരും വരാത്ത ഒറ്റപ്പെട്ട ദ്വീപിൽ കഴിയുന്ന ആർക്കും വേണ്ടാത്ത കുറെ കഷ്ടജന്മങ്ങൾ. പങ്കപ്പാടിെൻറ ദിനരാത്രങ്ങളായിരുന്നു അതെങ്കിലും ഉള്ളതുകൊണ്ട് എല്ലാവരും നോമ്പുകാലം ധന്യമാക്കി. 2014 വരെ കുഷ്ഠരോഗാശുപത്രിയായിരുന്ന ഈ സ്ഥാപനം ഇന്ന് ത്വഗ്രോഗാശുപത്രിയാണ്. കുഷ്ഠരോഗമുള്ള ആരും ഇന്ന് ഇവിടെയില്ല.
ഏറെപ്പേരും കുഷ്ഠം വന്ന് ഭേദമായവരാണ്. ഒരുകാലത്ത് രോഗത്താൽ കഷ്ടതയനുഭവിച്ചവർ ആശുപത്രിയിലെ ചികിത്സമൂലം രോഗം ഭേദമായെങ്കിലും ദേഹത്തിലെ വ്രണങ്ങൾപോലുള്ള അനുബന്ധരോഗങ്ങളാലും പ്രായത്തിെൻറ അവശതകളാലും ജീവിതസായാഹ്നം ഇവിടെത്തന്നെ തുടരുന്നവർ. ഇത്തരത്തിൽ നൂറോളം പേരാണ് ഇവിടത്തെ അന്തേവാസികൾ. ഇവരിൽ നോമ്പെടുക്കുന്നത് 30 പേരാണ്. നോമ്പുകാലത്ത് ഇവർക്കുള്ള ഭക്ഷണവും പാനീയങ്ങളുമെല്ലാം വിവിധ ജീവകാരുണ്യ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമാണ് എത്തിക്കുന്നത്. അബ്ദുല്ലക്കോയ ഉൾപ്പെടെയുള്ള അന്തേവാസികളുടെ വീടുകളിൽനിന്ന് ചിലപ്പോൾ വിഭവങ്ങൾ കൊണ്ടുവരാറുണ്ട്. പത്തിരി, ചിക്കൻകറി, തരിക്കഞ്ഞി, ചപ്പാത്തി, പൊറോട്ട തുടങ്ങിയ വിഭവങ്ങളാണ് ഇങ്ങനെ കൊണ്ടുവരുന്നത്. നോമ്പെടുക്കുന്നവർക്കു മാത്രമല്ല, എല്ലാ അന്തേവാസികൾക്കുമുള്ളത് ഇവർ എത്തിക്കും.
കൊണ്ടുവരുന്നത് കുറച്ച് കാരക്കയാണെങ്കിൽപോലും എല്ലാവർക്കും തികയണമെന്ന നിബന്ധനയാണ് നോമ്പുകാർ ഭക്ഷണം സ്പോൺസർ ചെയ്യുന്നവർക്കു മുന്നിൽ വെക്കാറുള്ളത്. കുറച്ചു പേർക്കു മാത്രം ഭക്ഷണം വിതരണം ചെയ്യുന്നവരെ വിലക്കും. ‘‘നോമ്പ് ഞങ്ങൾക്കു മാത്രമേ ഉള്ളൂവെങ്കിലും ഇവിടെ ഭക്ഷണ വിതരണത്തിൽ പക്ഷഭേദം കാണിക്കാൻ പറ്റില്ല, റമദാൻ പുണ്യങ്ങളുടെ കാലമാണ്. നിങ്ങൾ കുറച്ചു പേർക്കുകൂടി അധികം നൽകിയാലും പ്രതിഫലം കൂടുകയേയുള്ളൂ’’ എന്നാണ് ഞങ്ങൾ അവരോട് പറയുകയെന്ന് 52കാരനായ മൊയ്തീൻകുട്ടി പറയുന്നു. 15ാം വയസ്സിൽ ഇവിടെയെത്തിയ അദ്ദേഹം ജീവിതപങ്കാളിയാക്കിയത് ആശുപത്രിയിലെ അന്തേവാസിയായ അസ്മയെയാണ്. അവരിപ്പോൾ അറ്റൻഡറായി ജോലിനോക്കുന്നു. രണ്ടു മക്കളുമായി ഈ കുടുംബം ആശുപത്രി കോമ്പൗണ്ടിലെ ക്വാർട്ടേഴ്സിലാണ് താമസം.
കഴിഞ്ഞ വർഷം വരെ ഇവരുടെ ഇടയിൽ നോമ്പുനോൽക്കാനുണ്ടായിരുന്ന രണ്ടു പേർ ഇന്ന് ജീവിച്ചിരിപ്പില്ല. കാക്കഞ്ചേരിയിലെ സൈനബയും തിരൂരിലെ ആമിനുമ്മയുമാണ് അവർ. ഇത്തവണ നോമ്പുകാലമെത്തുമ്പോഴേക്ക് അവരുടെ ഓർമകളും ആശുപത്രിയുടെ വാർഡുകളിൽ നിറയും. എത്രയൊക്കെ രുചികരമായ വിഭവങ്ങളും പാനീയങ്ങളും കിട്ടിയാലും അവയൊന്നും സ്വന്തം വീട്ടിലിരുന്ന് ഒരിറക്ക് കഞ്ഞികുടിക്കുന്നതിന് പകരമാവില്ലല്ലോ എന്ന നൊമ്പരം പേറുന്നവരാണ് പലരും. സങ്കടമുണ്ടെങ്കിലും നിരാശയില്ല കാരണം, ഏറെപ്പേരും ചെറുപ്പത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും ‘ഭാര’മാവാതിരിക്കാൻ സ്വമേധയാ ഈ കൂട്ടിൽ ചേക്കേറിയവരാണ്. ‘‘ഭക്ഷണവും കിട്ടുന്നുണ്ട്. നമ്മളെ നോക്കാൻ നമ്മുടെ ഒപ്പംതന്നെയുള്ള ആൾക്കാരുമുണ്ട്. പിന്നെ ബന്ധുക്കളൊക്കെ ഇടക്ക് കാണാനും വരും. അവർ എന്തേലുമൊക്കെ കൊണ്ടുത്തരുകയും ചെയ്യും’’ ^മൊയ്തീൻകുട്ടി പറഞ്ഞു. ജോലിയൊന്നും ചെയ്യാൻ ഇവിടെയുള്ള ഏറെപ്പേർക്കും ശേഷിയില്ല. 50 വയസ്സു കഴിഞ്ഞവരും രോഗത്തിെൻറ ആക്രമണത്താൽ ദേഹവും മനസ്സും തളർന്നവരുമാണ്.
നോമ്പില്ലാത്ത കാലത്തും മതസൗഹാർദത്തിെൻറ നന്മപ്പൂക്കൾ പ്രചരിപ്പിക്കുന്ന ഇടമാണിവിടം. ക്രിസ്ത്യൻ പള്ളിയും മസ്ജിദും ക്ഷേത്രവും ഇവിടെയുണ്ട്. നോമ്പുകാലത്ത് ഭക്ഷണം വിതരണം ചെയ്യുന്നത് മസ്ജിദ് ആസ്ഥാനമാക്കിയായിരിക്കും. നോമ്പുകാലത്ത് എല്ലാവരും ആത്മീയ ചിന്തകളിൽ വന്നിരിക്കുന്നതും ഈ പള്ളിയിലാണ്. രണ്ടാം വാർഡിലെ കാഴ്ചശക്തി തകരാറിലായ പി.വി. ഉസ്മാനാണ് പള്ളിയുടെ ‘ഒാൾ ഇൻ ഒാൾ’. കണ്ണു കാണില്ലെങ്കിലും ബാങ്ക് കൊടുക്കാനുള്ള സമയവും നോമ്പുതുറക്കേണ്ട സമയവും അത്താഴത്തിനുള്ള സമയവുമെല്ലാം കൃത്യമായി അറിയുന്നുണ്ട് ഇദ്ദേഹം. കാലിന് ചെറിയ മുറിവുപറ്റിയാണ് ഉസ്മാനും ഇവിടെയെത്തിയത്. അന്ന് പരിശോധിച്ച ഡോക്ടർമാർക്ക് ചെറിയ കൈപ്പിഴ പറ്റി, ഇൻജക്ഷൻ മാറിയാണ് കാഴ്ച പോയത്.
സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വിദേശത്തുനിന്നുള്ള ബന്ധുവിെൻറ ഫോൺ. ‘‘സഹോദരെൻറ മകനാണ്. അവൻ എനിക്കുള്ളതെല്ലാം ചെയ്യും. നാട്ടിൽ വരുമ്പോഴൊക്കെ കാണാനും വരും, പെരുന്നാളിനുള്ള പുത്തൻ വസ്ത്രവും കൊണ്ടുവരും’’ ^ഉസ്മാൻ പറഞ്ഞുനിർത്തി.ഭക്ഷണംപോെലതന്നെ െപരുന്നാൾ കോടിയും പല സ്ഥാപനങ്ങളും വ്യക്തികളും ഇവർക്ക് സമ്മാനിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി നഗരത്തിെല ഒരു സ്കൂൾ മാനേജ്മെൻറ് ഇവർക്ക് പെരുന്നാൾ കിറ്റ് നൽകുന്നുണ്ട്. പെരുന്നാൾ മധുരിതമാക്കാൻ സർക്കാറിെൻറ വക പ്രത്യേക ബിരിയാണിയുണ്ടാവും. ചിലർക്ക് പുതുവസ്ത്രങ്ങളുമായി ബന്ധുക്കളെത്തും. മറ്റു ചിലരെ ഫോണിൽ വിളിച്ച് ഈദ് സന്ദേശം പങ്കുവെക്കും. അപ്പോഴും ചിലർ മാത്രം ആരും വരാനില്ലാതെ, ആരുടെയും ഫോൺ സന്ദേശങ്ങളും കേൾക്കാതെ, പരാതികളും പരിഭവങ്ങളുമില്ലാതെ ക്ലാവുപിടിച്ച മച്ചിലേക്കു നോക്കി കണ്ണീർതൂകി പെരുന്നാളാഘോഷിക്കുന്നുണ്ടാവും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.