നാട്ടിൻപുറത്തെ ഉത്സവകാലത്തിനായി നാടൊരുങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പുതിയ നിറംപൂശി വീടുകളെയും പുത്തൻ മോടിയോടെ തെരുവുകളെയും അണിയിച്ചൊരുക്കി, നല്ല അതിഥികളായി ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരിക്കും വീട്ടുകാരെല്ലാം. അക്കാലത്ത് വഴിയിലും തൊടിയിലും വരെ വല്ലാത്തൊരു ഉത്സവപ്രതീതി ഉണരും. കാണുന്ന മുഖങ്ങളിലെല്ലാം പ്രസന്നതയുടെയും പ്രസരിപ്പിെൻറയും സന്തോഷം നിറയും. ഗൾഫ് രാജ്യങ്ങളിൽ റമദാനെത്തുമ്പോഴും ഉത്സവത്തിന് തയാറെടുക്കുന്ന നാടായി മാറും ഇവിടെയും. അപ്പോൾ നാട്ടിൻപുറത്തെ ആ പഴയ വീട്ടിലെ കുട്ടിയായി മാറും ഞാൻ.
നിറപ്പകിട്ടാർന്ന മുപ്പത് പകലിരവുകൾ
നാട്ടിലുള്ളപ്പോൾ കേട്ടുകേൾവി മാത്രമായിരുന്നു നോമ്പും പെരുന്നാളുമെല്ലാം. ദുബൈയിലെത്തിയപ്പോഴാണ് റമദാനും വിശേഷിപ്പിക്കാനാവാത്ത വിധത്തിൽ ആ പുണ്യമാസം തീർക്കുന്ന അതിശയങ്ങളും നേരിൽ കണ്ടുതുടങ്ങിയത്. സബ്കയിൽ താമസിക്കുന്ന കാലത്ത് സമീപത്തുള്ളവരെല്ലാം മഗ്രിബ് ബാങ്ക് വിളിക്കുള്ള കാത്തിരിപ്പിനൊപ്പം നമ്മളെയും കാത്തിരിക്കും. ഞാനുംകൂടി എത്തിയാൽമാത്രം നോമ്പുതുറക്കുന്ന സുഹൃത്തുക്കളിലൂടെയാണ്, നോമ്പും അത് തീർക്കുന്ന മാസ്മരികമായ ആനന്ദവും ആദ്യമായി അനുഭവിച്ചറിഞ്ഞത്. പകലന്തിയോളം അനുഭവിച്ച പട്ടിണി മാറ്റുന്ന നേരവും സുഹൃത്തുക്കളെയും അടുത്തുള്ളവരെയും ഒപ്പം കൂട്ടുന്ന വലിയ മനസ്സുള്ളവരായിരുന്നു അന്നുകണ്ട നോമ്പുകാരെല്ലാം. പിന്നീട് പലപല ഇഫ്താറുകൾ, അതിലേറെ സമൂഹ നോമ്പുതുറകൾ... അപ്പോഴും കണ്ടു; വലിയ മനസ്സുള്ളവരുടെ എണ്ണം പെരുകിപ്പെരുകി വലിയ ജനസഞ്ചയമാകുന്ന അത്ഭുതകരമായ കാഴ്ചകൾ.
ശരിക്കും റമദാൻ എത്തുന്നതിനുമുമ്പു തന്നെ ദുബൈ നഗരം ഒരുക്കങ്ങൾ തുടരും. പരസ്പരം ആശ്ലേഷിച്ചും സന്തോഷങ്ങൾ കൈമാറിയും ചെറിയ ചെറിയ സമ്മാനങ്ങൾ കൈമാറിയും റമദാനെ സ്വാഗതം ചെയ്യുന്ന തിരക്കിലായിരിക്കും എല്ലാവരും. കത്തിജ്വലിക്കുന്ന ചൂടിലും ശീതളിമ പകരുന്ന തരത്തിൽ കാലാവസ്ഥതന്നെ വലിയൊരു മായാജാലം തീർക്കും. ഓഫിസുകളും താമസകേന്ദ്രങ്ങളുമെല്ലാം വൃത്തിയാക്കി അണിയിച്ചൊരുക്കും. എല്ലാവരും സന്തോഷകരമായ ഒരു തിരക്കിലേക്ക് സ്വയം ഉൗളിയിടും.
കല്യാണവീട്ടിലെ ചിട്ടവട്ടങ്ങളുമായി ലേബർ ക്യാമ്പിലേക്ക്
നോമ്പും ഇഫ്താറുമെല്ലാം പലതവണ അനുഭവിച്ചിട്ടുണ്ടെങ്കിലും ലേബർ ക്യാമ്പുകളിൽ നടക്കുന്ന ഇഫ്താർ വിരുന്നുകളാണ് റമദാൻ കാലങ്ങളിലെ നിറമുള്ള ഓർമകൾ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് തൊഴിലാളികളോടൊപ്പമുള്ള സ്നേഹപ്പകർച്ചകളാണ് അവിടങ്ങളിലെ ഓരോ ഇഫ്താറും. വിഭവങ്ങൾ തരംതിരിക്കുന്നതും പകുത്തുമാറ്റുന്നതും നിരത്തുന്നതുമെല്ലാം ഇഫ്താറിെൻറ കാര്യക്കാരായ നമ്മൾ തന്നെയായിരിക്കും. ആരുടെയും നിർദേശത്തിന് കാത്തുനിൽക്കാതെ അയൽവീട്ടിലെ കല്യാണസദ്യക്കുവേണ്ടിയുള്ള ചിട്ടവട്ടങ്ങളൊരുക്കുന്നതുപോലെ, സ്വയംമറന്ന് എല്ലാവരും അത്തരം കാര്യങ്ങളിലേക്ക് വ്യാപൃതരാകും. രാജ്യത്തിെൻറയോ ഭാഷയുടെയോ ദേശത്തിെൻറയേ അതിർവരമ്പുകളെല്ലാം മാഞ്ഞുപോകുന്ന, മനോഹരമായ കാഴ്ചയാണ് ഓരോ ലേബർ ക്യാമ്പുകളിലെയും ഇഫ്താർ വിരുന്നുകൾ. ശരിക്കും വിളമ്പി നിറയുന്ന വൈകുന്നേരങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും, മനസ്സ് നിറയുന്ന ആ ആതിഥേയനിർവൃതിയെ. ഒരു പാത്രത്തിൽനിന്ന് പങ്കിട്ടെടുത്ത് കഴിക്കുന്ന പല രാജ്യക്കാർ. കിട്ടിയ പങ്കിൽനിന്ന് കിട്ടാത്തവർക്ക് കരുതലൊരുക്കുന്ന തൊഴിലാളികൾ. ഇൗ സ്നേഹവും കരുതലും കൂടിയാണ് ഞാൻ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ ഓരോ റമദാനും. ദുബൈയിൽ മാത്രമല്ല, ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള റമദാനും ഇങ്ങനെത്തന്നെയായിരിക്കും. കാരണം, സുലഭമായി ഭക്ഷണശേഖരമുണ്ടായിട്ടും
വിശക്കുന്ന വയറിെൻറ േവദനയറിയാൻ പകലന്തിയോളം പച്ചവെള്ളം കുടിക്കാതെ കാത്തിരിക്കുന്ന വിശ്വാസികളാണല്ലോ ലോകമെങ്ങും റമദാനെ വരവേൽക്കുന്നത്.
സൗഹൃദങ്ങളുടെയും പൂക്കാലം
ഓർമകൾ മാത്രമല്ല സൗഹൃദങ്ങളും പൂക്കുന്ന അവസരങ്ങളാണ് എനിക്ക് പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ. ഉള്ളിൽപിടിച്ചുപോയ ഒട്ടനവധി സൗഹൃദങ്ങൾ എനിക്ക് ലഭിച്ചത് ഇൗ പുണ്യകാലത്താണ്. ഇഫ്താറിലും നോമ്പുപരിപാടികളിലും മാത്രമല്ല, റമദാനിൽ േറഡിയോ വഴിയെത്തുന്ന കാളുകളും പിന്നീട് വലിയ സൗഹൃദങ്ങളായി മാറിയിട്ടുണ്ട്. നിഷ്കളങ്കളമായ മനസ്സോടെ എല്ലാവരെയും സ്നേഹിക്കാനും ഏവരെയും അംഗീകരിക്കാനും പഠിപ്പിക്കുന്ന മാസമായതുകൊണ്ടായിരിക്കണം, നിർമലമായ സ്നേഹം അവരിൽനിന്നെല്ലാം അനുഭവിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നുവെന്നതും നോമ്പുകാലത്തെ സൗഹൃദത്തെ വ്യത്യസ്തമാക്കുകയാണ്. പലപ്പോഴും മഗ്രിബ് –ഇശാ നേരങ്ങളിലായിരിക്കും റേഡിയോയിൽ എനിക്ക് ഷോ. റേഡിയോയിൽ ബാങ്ക് കൊടുക്കുന്നത് മുതൽ തറാവീഹ് നമസ്കാരത്തിലേക്കുപോകുന്നതുവരെ ഞാൻ തന്നെയായിരിക്കും റേഡിയോ ശ്രോതാക്കളുടെ കൂട്ടുകാരൻ. അതുകൊണ്ടുതന്നെ, നോമ്പുകാലത്തെ ഷോ ആയാലും അതുവഴി ലഭിക്കുന്ന സൗഹൃദങ്ങളായാലും വല്ലാത്തൊരു അനുഭൂതി പകരുന്നതാണ് അവയെല്ലാം.
അതിരുകൾ മായ്ക്കുന്ന മജ്ലിസ്
പണത്തിെൻറയോ പ്രതാപത്തിെൻറയോ നിറത്തിെൻറയോ ഭാഷയുടെയോ ദേശത്തിെൻറയോ അതിരുകളൊന്നുമില്ലാതെ, നീളമുള്ള വരിയിൽ മനുഷ്യരെല്ലാം ഒന്നിച്ചിരിക്കുന്ന വിസ്മയകരമായ കാഴ്ചയാണ് റമദാൻ പകരുന്ന ഏറ്റവും മനോഹാരിത. സ്രഷ്ടാവിെൻറ മുന്നിൽ സൃഷ്ടികളെല്ലാം ഏകോദര സഹോദരന്മാരായി അണിനിരന്നിരിക്കുന്ന കാഴ്ചകളാണ് ഇസ്ലാമിലെ നമസ്കാരങ്ങളിലായാലും ഹജ്ജ് കർമത്തിലായാലും. എങ്കിലും ഒരു പാത്രത്തിനു മുന്നിൽ ദേശ–ഭാഷ–വർണവ്യത്യാസങ്ങളെല്ലാം മാഞ്ഞുപോകുന്ന മായികക്കാഴ്ച റമദാനുമാത്രം സ്വന്തമാണ്. നിരനിരയായി സ്ഥാനംപിടിക്കുന്ന മജ്ലിസിൽ എല്ലാവർക്കും ഒരേ വികാരം, എല്ലാവരിലും ഒരേ ചിന്ത മാത്രം. മാനവികതയുടെ ഏറ്റവും സുന്ദരമായ മുഖമാണ് ഓരോ റമദാനും ലോകത്തിന് സമ്മാനിക്കുന്നത്. ആ മാനവികത മറ്റെന്തിനെ ക്കാളേറെ ഉയർത്തിപ്പിടിക്കുകയെന്ന സന്ദേശം തന്നെയാണ് ഒരു പുണ്യകാലവും പറയുന്നതും.
തയാറാക്കിയത്:
നാഷിഫ് അലിമിയാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.