വലിയ താമസമില്ലാതെ 'ആ പൂതി' നടക്കും, മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ല -ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടവർ ഇനിയും മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടെന്നും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് ചോദ്യം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞത് 'ആ പൂതി മനസ്സിൽ ഇരിക്കട്ടെ' എന്നാണ്. വലിയ താമസമില്ലാതെ ആ പൂതി നടക്കാൻ പോവുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്ന സുരേഷിനെ സഹായിച്ചവർ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇനിയുമുണ്ട്. അവരിലേക്കും അന്വേഷണം നീളും. യഥാർഥ പ്രതിയായ പിണറായി വിജയനിലേക്കും അന്വേഷണം നീളണം.

സ്വർണക്കടത്തു കേസ്, ഹവാല, ആൾകടത്തൽ ഉൾപ്പെടെ എല്ലാ അധോലോക പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിലാദ്യമാണ്. കേരളം ഭരിച്ച പല സർക്കാറുകളുടെ പേരിലും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്, അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ ഇത്രയും വലിയ തോതിൽ അപമാനിക്കപ്പെടുന്ന നിലയിലേക്ക് മാറിയ ഒരു സർക്കാരിനെ നമുക്ക് മുൻപ് കാണാൻ കഴിയില്ല.

കേരളത്തിലെ ജനങ്ങൾ വിശ്വസിച്ചേൽപിച്ച ഭരണകൂടം ഹവാല ഇടപാടിനും, സ്വർണകള്ളക്കടത്തിനും, അധോലോകപ്രവർത്തനങ്ങൾക്കും ദുരുപയോഗം ചെയ്തതെങ്കിൽ അതിൽ ഒന്നാംപ്രതി പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്‌. ഇന്ന് ജനങ്ങളുടെ മുന്നിൽ ഒന്നും പറയാനില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു പിണറായി വിജയൻ.

ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ സി.പി.ഐയുടെ സംസ്ഥാനസെക്രട്ടറി നേരിട്ടും, കത്ത് മുഖേനയും ശിവശങ്കരനെ മാറ്റി നിർത്താൻ ആവശ്യപ്പെട്ടു, വിശ്വസ്തനും, മന:സാക്ഷി സൂക്ഷിപ്പുകാരനുമായ വ്യക്തിയെ മാറ്റാൻ പിണറായി വിജയൻ തയ്യാറായില്ല.

ശിവശങ്കരൻ അഞ്ചാം പ്രതിയായതോടുകൂടി അടുത്ത അന്വേഷണം നീളുന്നത് പിണറായി വിജയനിലേക്കാണ്. ഇതിലെ മുഖ്യപ്രതിയും പിണറായി വിജയൻ ആയി മാറുന്നു.

പിണറായി വിജയൻ എന്ന വ്യക്തി പ്രതിയായി മാറുന്നതിൽ കുഴപ്പമില്ല. എന്നാൽ കേരള മുഖ്യമന്ത്രി പ്രതിയാകുന്നത് അംഗീകരിക്കാനാവില്ല. അധോലോകപ്രവർത്തനം, കറൻസി മാറ്റൽ തുടങ്ങിയവയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് കൂട്ടുനിൽക്കുന്നത് അതീവഗുരുതരമാണെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - ramesh chennithala facebook post 291020123

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.