പിണറായി സാമൂഹ്യവിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് മാറി -രമേശ് ചെന്നിത്തല

കോഴിക്കോട്: സാമൂഹ്യ വിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് സമൂഹത്തിലെ എല്ലാ കൊള്ളക്കാരെയും സാമൂഹ്യ വിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് പിണറായി വിജയന്‍ ഭരണകൂടം മാറിയതായി മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു. ഒന്ന്, പി. വി അന്‍വര്‍ തെറിക്കും. രണ്ട്, അന്വേഷണത്തിനു ശേഷം വരുന്ന റിപ്പോര്‍ട്ട് എ.ഡി.ജി.പി അജിത് കുമാറിന് അനുകൂലമായിരിക്കും. കാരണം മുഖ്യമന്ത്രി നേരിട്ടു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് എഴുതാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല.

അന്‍വര്‍ കോണ്‍ഗ്രസുകാരനാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. നിലമ്പൂരില്‍ രണ്ടു വട്ടം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യം ഓർമയുണ്ടായിരുന്നില്ലേ.. ഇത്ര കാലവും കൊണ്ടു നടന്ന അന്‍വറിനെ ഇപ്പോള്‍ തള്ളിപ്പറയുന്നു. ഇനി പുറത്താക്കലാണ് അടുത്ത നടപടി. അതുടന്‍ പ്രതീക്ഷിക്കാം.

കൊള്ളക്കാരായ മുഴുവന്‍ പേരെയും സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഒരാള്‍ ആരോപണവിധേയനാണെങ്കില്‍ അയാളെ മാറ്റിനിര്‍ത്തിയാണ് അന്വേഷണം നടത്തേണ്ടത്. അതിനു പകരം എ.ഡി.ജി.പിക്കു താഴെയുള്ള ഉദ്യോഗസ്ഥരെ തന്നെ അന്വേഷണം ഏല്‍പിച്ചു. ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി സന്ദര്‍ശിച്ച വിഷയത്തില്‍ മുഖ്യമന്ത്രി വെള്ളപൂശുന്നു. കാരണം മുഖ്യനു വേണ്ടിയാണ് കൂടിക്കാഴ്ച. ഇയാള്‍ക്ക് സ്വര്‍ണക്കടത്തും കൊലപാതകത്തിലും പങ്കുണ്ടന്നു പറഞ്ഞ ഭരണകക്ഷി എം.എ.ല്‍എയെ തള്ളിപ്പറഞ്ഞ് എ.ഡി.ജി.പിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.

തൃശൂര്‍ പൂരം അന്വേഷണ ഉത്തരവ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നമ്പര്‍ മാത്രമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഒരാഴ്ചയ്്കകുള്ളില്‍ തീര്‍ക്കുമെന്ന് ഉറപ്പ് പറഞ്ഞതാണ് സര്‍ക്കാര്‍. അഞ്ചു മാസം കഴിഞ്ഞ് പൂരം കലക്കിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ 24 ന് റിപ്പോര്‍ട്ട് നല്‍കുമെന്നു പറയുന്നു. ആരെയാണ് ഈ മുഖ്യമന്ത്രി ഇങ്ങനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം.

ദാവൂദ് ഇബ്രാഹിമിന്റെ ജോലി ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയെ സംരക്ഷിക്കുന്നു. അന്വേഷിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് കൊടുത്തത്. എഴുതിക്കൊടുത്താല്‍ അന്വേഷിക്കുമെന്നു പാര്‍ട്ടി സെക്രട്ടറി പറയുന്നതനുസരിച്ച് എഴുതിക്കൊടുത്തിട്ടും അന്വേഷണമില്ല.

ഇന്നത്തെ ലാർത്താസമ്മേളനം ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള പാഴ് വേല മാത്രമാണ്. ഉയര്‍ന്നു വന്ന ഒരാരോപണത്തിനും മറുപടി പറയാതെ ന്യായീകരിക്കുകയും അത് പോലീസുകാരുടെ മനോവീര്യത്തെ കെടുത്താനുള്ള പദ്ധതിയാണെന്നും പറയുന്നു. പണ്ട് ശിവശങ്കറിനെതിരെ സ്പ്രിങ്‌ളര്‍ ആരോപണം ഉയര്‍ത്തിയപ്പോള്‍ അന്നും ഇതേ മുഖ്യമന്ത്രി ന്യായീകരിച്ചത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ് എന്നായിരുന്നു. ഇപ്പോള്‍ ആശിവശങ്കരന്‍ എത്ര കാലമായി ജയിലിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം ശരിയെന്നു തെളിഞ്ഞിരിക്കുന്നു.

മാധ്യമവേട്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്ന് നടത്തിയത്. അത് അങ്ങേയറ്റം അപലപനീയമാണ്. പിണറായി വിജയനെ പേടിച്ച് മാധ്യമങ്ങള്‍ വാമൂടിക്കെട്ടണം എന്നതിനോട് യോജിക്കാനില്ല. മാധ്യമങ്ങള്‍ നിര്‍ഭയം പ്രവര്‍ത്തനം തുടരും. ഇത് കേരളമാണ്. സി.പി.ഐ നേതാക്കള്‍ക്ക് ഒരു വിലയിലുമില്ല എന്നു മുഖ്യമന്ത്രി വീണ്ടും വീ്ണ്ടും തെളിയിക്കുന്നു. സുനില്‍കുമാറിന്റെ വാക്കിന് പഴയ കീറച്ചാക്കിന്റെ വില പോലുമില്ല.

വാർത്താസമ്മേളനത്തില്‍ ജയറാം പടിക്കലിന്റെ കഥയൊന്നും പറഞ്ഞ് വഴിതിരിച്ചു വിട്ടിട്ടു കാര്യമില്ല. അതുപറയാനാണെങ്കില്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞടുപ്പില്‍ കെജി മാമാര്‍ പിണറായിക്കു വേണ്ടി വോട്ടു പിടിച്ച കഥ പറയേണ്ടി വരും. പിണറായി വിജയന് അന്ന് ബി.ജെ.പി പിന്തുണ ലഭിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം എം.എൽ.എ പോലുമാവില്ലായിരുന്നു. അതൊന്നുമല്ല ഇവിടെ വിഷയം. മുഖ്യമന്ത്രി ആരോ എഴുതിക്കൊടുത്തത് നോക്കിവായിച്ചുകൊണ്ടിരിക്കുകയാണ്.

സാലറി ചലഞ്ചിനെ അട്ടിമറിക്കാന്‍ ഞാന്‍ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ശ്രമിച്ചതായി മുഖ്യമന്ത്രി ആരോപണമുയര്‍ത്തിക്കണ്ടു. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടി വിഷയം മാറ്റിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബലമായി ശമ്പളം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തിലാണ് ഇടപെടേണ്ടി വന്നത്. അതൊഴിച്ചാല്‍ പ്രളയത്തിലും എല്ലാ ദുരന്തങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനൊപ്പം തന്നെ നിന്നിട്ടുണ്ട്.

വയനാട് ദുരന്തത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം ആദ്യം പ്രഖ്യാപിച്ചത് ഞാനാണ്. പക്ഷേ ഏതു ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാലും നോക്കി നില്‍ക്കില്ല. ശക്തമായി തന്നെ ഇടപെടും. മുഖ്യമന്ത്രിയുടെ ഫണ്ട് വെട്ടിച്ച നേതാക്കള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല എന്നോര്‍ക്കണം - രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala said that Pinarai has become a protector of anti-socials and smugglers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.