കോഴിക്കോട്: തൃക്കാക്കരയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനു അവധിയിൽ പ്രവേശിച്ചു. പത്ത് ദിവസത്തേക്കാണ് അവധിയെടുത്തത്. ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തി വുണ്ടും ചുമതലയേറ്റ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എ.ഡി.ജി.പി നിർദേശിക്കുകയായിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി വേണമെന്ന റിപ്പോർട്ട് നിലനിൽക്കെയാണ് ഇന്ന് വീണ്ടും ചുമതലയേറ്റെടുത്തത്. ഇത് വിവാദമായതോടെയാണ് സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്.
സി.ഐ സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് ഒരാഴ്ച മുമ്പ് സുനുവിനെ സ്റ്റേഷനിലെത്തി തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം നാടകീയമായി കസ്റ്റഡിയിലെടുത്തത്. പത്ത് പേരെയാണ് കേസിൽ പ്രതിചേർത്തത്. ഇതിൽ മൂന്നാം പ്രതിയാണ് പി.ആർ സുനു. നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. ഇതോടെയാണ് സുനു ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും ചുമതലയേറ്റത്. സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകൾ നിലവിലുണ്ട്. ഒമ്പത് തവണ വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്.
അതേസമയം, തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് പി.ആർ സുനു പറയുന്നത്. പരാതിക്കാരിയെ അറിയില്ലെന്നും പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.