കോഴിക്കോട്: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘അൽഗോരിതങ്ങളുടെ നാട്’ എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലത്തിന് കോഴിക്കോട്ട് സ്വീകരണം. 25ന് രാവിലെ 10.30ന് എരഞ്ഞിപ്പാലം ലയൺസ് ക്ലബ് സഫയർ ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉപഹാര സമർപ്പണം നടത്തും.
ഡോ. ടി. ശ്രീകുമാറാണ് മുഖ്യ പ്രഭാഷകൻ. അർഷാദ് ബത്തേരി പുരസ്കാരം നേടിയ കൃതി പരിചയപ്പെടുത്തും. എം. കുഞ്ഞാപ്പ, പ്രമോദ് ഗംഗാധരൻ, ശ്യാം തറമേൽ, പി.കെ. റാണി, തസ്മിൻ ഷിഹാബ്, അഞ്ജലി രാജീവ് എന്നിവർ സംസാരിക്കും. തിരുവനന്തപുരം അഷിത സ്മാരക സമിതിയാണ് സ്വീകരണം ഒരുക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രമേയമാവുന്ന 'അൽഗോരിതങ്ങളുടെ നാട്' മാധ്യമം കുട്ടികൾക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന ‘വെളിച്ചം’ സപ്ലിമെന്‍റിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച നോവലാണ്. മാധ്യമം ‘വെളിച്ചം’ പ്രസിദ്ധീകരിച്ച ‘സൂക്ഷ്മജീവി സൂപ്പർ ജീവി’, ‘മാജിക് സ്കൂൾ ബസ്’, ‘കായൽക്കഥകൾ’ എന്നീ കൃതികൾക്ക് ഉണ്ണി അമ്മയമ്പലം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുരസ്കാരം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.