തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്ത സ്വയംഭരണം നൽകണമെന്ന് വിദഗ്ധസമിതി ശിപാർശ. റിപ്പോർട്ട് വ്യവസായമന്ത്രി പി. രാജീവിന് കൈമാറി. വ്യവസായ വാണിജ്യവകുപ്പിന് കീഴിലുള്ള 33 കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ച ശിപാർശകളാണ് സമിതി നൽകിയത്. ശരാശരി ലാഭത്തിന്റെ 25 ശതമാനത്തിൽ കവിയാത്ത തരത്തിലാവണം ശമ്പള പരിഷ്കരണമെന്നും ശിപാർശയുണ്ട്.
സ്ഥാപനങ്ങളെ വരുമാനത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിച്ചാണ് റിപ്പോർട്ട്. പ്രവർത്തനം കാര്യക്ഷമമാക്കാൻ 28 വിഷയങ്ങളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യം അനുവദിക്കണം. പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ആധുനീകരണം നടപ്പാക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോർഡുകൾക്ക് അധികാരം നൽകണം. സർക്കാർ ഗാരന്റിയില്ലാതെ സ്വന്തം ഈടിന്മേൽ ബാങ്കുകളിൽനിന്ന് വായ്പ സ്വീകരിക്കാൻ അധികാരം നൽകണം. മൂലധനച്ചെലവ് ഏറ്റെടുക്കാനും അറ്റകുറ്റപ്പണികൾ നിർവഹിക്കാനുമുള്ള അധികാരവും നൽകണം.
തൊഴിലാളികളെ പുനർവിന്യസിക്കാനുള്ള അധികാരം, അപ്രസക്ത തസ്തികകൾ നിർത്തലാക്കാനുള്ള അധികാരം, വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിരമിക്കൽ, വി.ആർ.എസ് നൽകാനുള്ള അവകാശം എന്നിവ നൽകണം. സ്ഥാനക്കയറ്റം, മാനേജീരിയൽ - സാങ്കേതിക തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള അവകാശം ഇൻെസന്റീവുകൾക്കുള്ള അവകാശം എന്നിവ നൽകണം. ഉൽപന്നങ്ങൾക്ക് വില നിർണയിക്കാനുള്ള അവകാശം സ്ഥാപനങ്ങൾക്ക് നൽകണം.
കാലഹരണപ്പെട്ട ഉപകരണങ്ങൾ ഡീ കമീഷൻ ചെയ്യാനും സ്ക്രാപ്പുകൾ വിൽപന നടത്താനും സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടാവണം. അസംസ്കൃതവസ്തുക്കൾ വാങ്ങുന്നതിനുള്ള അധികാരവും ബോർഡിന് ആകണം. ഓരോ സ്ഥാപനത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന് സർക്കാർ മുൻകൂട്ടി വ്യക്തമാക്കണം. നയപരമായ തീരുമാനങ്ങളിൽ മാത്രം സർക്കാർ തീരുമാനമെടുക്കുകയും നിർദേശം നൽകുകയും വേണം. ദൈനംദിന പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം സ്ഥാപനങ്ങളുടെ ബോർഡിന് ആയിരിക്കണം.
ഡയറക്ടർ ബോർഡിൽ വിദഗ്ധർ ഉണ്ടാകണം. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ്, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ (ബി.പി.ടി) എന്നപേരിൽ പുനഃസംഘടിപ്പിക്കണം. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ടി.സി.സി മാനേജിങ് ഡയറക്ടർ ഹരികുമാർ, കൊച്ചി റിഫൈനറി മുൻ എക്സി. ഡയറക്ടർ പ്രസാദ് പണിക്കർ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 30 ആക്കാൻ ലക്ഷ്യമിടുന്നതായി വ്യവസായ മന്ത്രി പി. രാജീവ്. പൊതുമേഖല സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 21 സ്ഥാപനങ്ങൾ ലാഭത്തിലാണ്. ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തന മികവ് വിലയിരുത്തും. മാനേജീരിയൽ കേഡറിൽ സ്വാഭാവിക സ്ഥാനക്കയറ്റം അനുവദിക്കില്ല. നിശ്ചിത യോഗ്യതയുള്ളവർക്ക് സെലക്ഷൻ നടപടിയിലൂടെയായിരിക്കും സ്ഥാനക്കയറ്റം. എല്ലാ കമ്പനികളുടെയും ബോർഡുകളിൽ മൂന്നിൽ ഒരാൾ പ്രഫഷനലുകളായിരിക്കണം. ഒരു ചാർട്ടേഡ് അക്കൗണ്ടന്റും മാനേജീരിയൽ വിദഗ്ധനും ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.