തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ റെഡ് അലർട്ടാണ് പുതുതായി പിൻവലിച്ചത്. നേരത്തെ, ഏഴു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചിരുന്നു. നിലവിൽ, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. അതിതീവ്ര മഴക്കുള്ള സാധ്യത ഒഴിഞ്ഞതോടെയാണ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചത്. അതേസമയം, കാസർകോട് ചുള്ളി വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. ഇവിടുത്തെ 20 കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റിപാർപ്പിച്ചു.
14 പേരാണ് മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാനത്തെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുകയാണ്. പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂഴിയാർ, കണ്ടള അണക്കെട്ടുകളിലാണ് റെഡ് അലർട്ട്.
പെരിങ്ങൽക്കുത്ത് ഡാമിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിലപ്പ് 2375.53 അടിയായി. ഇടമലയാർ, കക്കി, ബാണാസുര സാഗർ, ഷോളയാർ, മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുറ്റ്യാടി, പമ്പ, കല്ലാർ അണക്കെട്ടുകളിൽ നിലവിൽ മുന്നറിയിപ്പുകളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.