ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; എട്ടു ജില്ലകളിൽ ചുവപ്പ് ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ടുമാണ്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് ഏഴോടു കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ചാലക്കുടി കൂടപ്പുഴ കുട്ടാടൻ പാടത്തിനരികിലെ ജനവാസ മേഖലയിൽനിന്ന് വീട്ടുസാമഗ്രികൾ മാറ്റുന്ന സന്നദ്ധ പ്രവർത്തകർ

ഈ സാഹചര്യത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും 48 മണിക്കൂറിന് ശേഷം മഴ കുറയാൻ സാധ്യതയുണ്ടെന്നും നേരത്തെ അറിയിച്ചിരുന്നു. ചാലക്കുടി പുഴയിലടക്കം ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യമാണുള്ളത്.

ചാലക്കുടി നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം

ചാലക്കുടി: പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. ഡാമുകൾ തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെന്‍റ് വഴി പൊതുജനങ്ങൾക്ക് നിർദേശം നൽകി തുടങ്ങി. 2018ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരെയും മാറ്റി പാർപ്പിക്കും. നഗരസഭക്ക് കീഴിൽ നിലവിൽ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. കൂടുതൽ ക്യാമ്പുകൾ തുറക്കാനും കൗൺസിൽ തീരുമാനിച്ചു. പോട്ട പനമ്പിള്ളി കോളജ്, വി.ആർ പുരം കമ്യൂണിറ്റി ഹാൾ, വി.ആർ പുരം സ്കൂൾ, കിഴക്കേ ചാലക്കുടി പള്ളിവക ഹാൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ നഗരസഭ നടത്തി.

ക്യാമ്പുകളുടെ മേൽനോട്ടത്തിന് കൗൺസിലർ, ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. അടിയന്തര ഘട്ടങ്ങളിൽ നഗരസഭയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം വഴിയും ജനങ്ങൾക്ക് ബന്ധപ്പെടാം. എമർജൻസി റെസ്പോൺസിബിൾ ടീമും നഗരസഭയിൽ സജ്ജമാണ്. രക്ഷാ പ്രവർത്തനം ആവശ്യമായ സ്ഥലങ്ങളിൽ ഇവരുടെ സേവനം ലഭ്യമാകുമെന്നും കൗൺസിൽ അറിയിച്ചു.

നഗരസഭ ചെയർമാൻ എബി ജോർജ്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Red alert in eight districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.