തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം 'ബുർവി' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ശ്രീലങ്കൻ തീരത്തുനിന്ന് 680 കി.മീ ദൂരത്തിലും കന്യാകുമാരിയിൽനിന്ന് 1090 കി.മീ ദൂരത്തിലും സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം ചൊവ്വാഴ്ച അതിതീവ്രത പ്രാപിച്ച് ഡിസംബർ രണ്ട് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
വൈകീട്ട് ശ്രീലങ്കൻ തീരം കടക്കുന്ന ബുർവി വ്യാഴാഴ്ച കന്യാകുമാരി തീരത്ത് എത്തുമെന്നാണ് കണക്കു കൂട്ടൽ. ബുർവി തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങളിലാകും വീശിയടിക്കുക. കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ഡിസംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മി.മീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്.
ബുർവിയുടെ വികാസവും സഞ്ചാരപഥവും കേന്ദ്രകാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിരീക്ഷിച്ചുവരുകയാണ്. ഓഖി ചുഴലിക്കാറ്റിന് സമാനമായ തീവ്രത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ തിങ്കളാഴ്ച അർധരാത്രി മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലിൽ പോകുന്നതിനു വിലക്ക് ഏർപ്പെടുത്തി. മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവരോട് ഏറ്റവും അടുത്ത സുരക്ഷിത തീരത്ത് ബോട്ടുകൾ അടുപ്പിക്കാൻ നിർദേശം നൽകി.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ ഒന്നോടു കൂടിതന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.