തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തിനിടെ, സമർപ്പിച്ച മുഴുവൻ അപേക്ഷയും രേഖകളും പരിശോധിക്കുന്ന നടപടിയുമായി വിജിലൻസ്. ദിവസങ്ങൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കി ഭാവിയിൽ ദുരിതാശ്വാസ തട്ടിപ്പ് തടയുന്നതിനുള്ള നിർദേശങ്ങൾ സർക്കാറിന് സമർപ്പിക്കും. ‘ഓപറേഷൻ സി.എം.ഡി.ആർ.എഫ്’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരും ഏജന്റുമാരും ഡോക്ടർമാരും ചേർന്ന വൻ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് വിജിലൻസ് വിലയിരുത്തൽ.
വിശദ പരിശോധനക്കാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശം. രണ്ടു വർഷത്തിനിടെ, ദുരിതാശ്വാസ സഹായമാവശ്യപ്പെട്ട് ഓരോ വ്യക്തിയും നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോണ്‍ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുന്നതിനു പുറമെ, അപേക്ഷകരെ നേരിൽ കണ്ടും വിവരം ശേഖരിക്കുന്നുണ്ട്. വില്ലേജ് ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നേരിട്ടെത്തിയും പരിശോധിക്കുന്നു.
മരിച്ചവരുടെ പേരിൽ പോലും പണം അനുവദിച്ചതും വൃക്ക രോഗിക്ക് ഹൃദ്രോഗിയെന്ന സർട്ടിഫിക്കറ്റിൽ പണം നൽകിയതും കണ്ടെത്തി. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും സമ്പന്ന വിദേശമലയാളികൾക്ക് ലക്ഷങ്ങൾ അനുവദിച്ചതും കണ്ടെത്തി.
പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാലേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
ഓരോ ജില്ലയിലും എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായാണ് കലക്ടറേറ്റുകളിലെ രേഖകള്‍ പരിശോധിക്കുന്നത്. ഏറെ നിർധനരായവർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സഹായം നൽകുന്നത്. കുറ്റമറ്റ രീതിയിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സർക്കാർ ഇത്രയും നാൾ വിശദീകരിച്ചിരുന്നത്.
കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നും ഉദ്യോഗസ്ഥ പിന്തുണയില്ലാതെ ഇത് നടക്കില്ലെന്നുമുള്ള വിലയിരുത്തലിൽ വിജിലൻസ്.
കൂടുതൽ ക്രമക്കേട് കണ്ടെത്തിയത് കൊല്ലത്താണ്. ഇവിടെ ഡോക്ടർമാർ വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തി. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടി. വില്ലേജ് ഓഫിസുകളിൽ നിന്നുള്ള രേഖകളിലും കൃത്രിമം വ്യക്തമായി. രേഖകൾ കാര്യമായി പരിശോധിക്കാതെയാണ് പലയിടത്തും തുക അനുവദിച്ചത്. അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സമർപ്പിക്കാത്തവർക്കും അപേക്ഷയിൽ ഒപ്പ് രേഖപ്പെടുത്താത്തവർക്കും തുക അനുവദിച്ചിട്ടുണ്ട്. സമ്പന്നരായ വിദേശ മലയാളികൾക്ക് പോലും ലക്ഷങ്ങൾ അനുവദിച്ചു.
ചുരുങ്ങിയ പരിശോധനയിൽ തന്നെ വ്യാപക തട്ടിപ്പ് കണ്ടെത്തിയത് വിജിലൻസിനെയും സർക്കാറിയും ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധനായ ഒരു ഡോക്ടർ നൽകിയതാണ്. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതാണ്. ഒരാൾക്ക് പല ജില്ലകളിൽനിന്ന് സഹായം ലഭിച്ചതും കണ്ടെത്തി. എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് രണ്ട് ആഡംബര കാറും വലിയ കെട്ടിടവുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയിൽ നഴ്സാണ്.
രണ്ട് ലക്ഷം വരുമാനപരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ ഈ തട്ടിപ്പ്. വ്യാജ സർട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ അസുഖമില്ലാത്തവരുടെ പേരിലും പണം തട്ടുന്നതായാണ് കണ്ടെത്തൽ.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് സംഘടിതമാണെന്നാണ് മനസ്സിലാക്കുന്നതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജൻറുമാർ തട്ടിപ്പ് നടത്തുന്നെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഏജന്റുമാർ വഴി സമർപ്പിക്കുന്ന അപേക്ഷകളിൽ പെട്ടെന്ന് സർട്ടിഫിക്കറ്റും തുകയും ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച ചില പരാതികളിൽ സംശയം തോന്നി അവിടെ നിന്നുള്ള പരാതിയും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
കൂടുതൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നറിയാൻ നടത്തുന്ന വിശദ പരിശോധന രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു ജില്ലയിൽ ഏകദേശം 300 അപേക്ഷ പരിശോധിക്കുന്നുണ്ട്.
ആനുകൂല്യ വിതരണത്തിന് പുതിയ മാർഗനിർദേശം സർക്കാറിന് ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.