കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ വർഗീയ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സുരേന്ദ്രന്‍റെ പരാമർശം.
ഗവർണറുടെ ശബരിമല ദർശനത്തിൽ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ പരാമർശം മതസാഹോദര്യം തകർക്കുന്നതാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വർഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഇതുവരെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികൾക്ക് പ്രചോദനമായത്. ഭരണഘടനാ പദവിയായ ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ട സംസ്ഥാന സർക്കാറിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താൽ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സി.പി.എം സർക്കാറിന്‍റെ വെല്ലുവിളി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നതിനെ ഗവർണർ എതിർത്തതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ഭരണപക്ഷത്തിന്റെ ഏറാമൂലികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണക്കുകയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്ര ദര്‍ശനം നടത്തുകയും പടിപൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഹമീദ് ഫൈസി അമ്പലക്കടവ് പ്രതികരിച്ചത്.
ഗവർണർ ഇസ്ലാം മതത്തിന് പുറത്തേക്കുള്ള വഴിയിലാണെന്നാണ് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞത്. ഗവർണർ നടത്തിയ ശബരിമല സന്ദർശനം ഇസ്ലാമിക വിരുദ്ധമാണ്. അത് കൊണ്ട് അദ്ദേഹം മതവിരുദ്ധനായി മാറി. ആരിഫ് മുഹമ്മദ് ഖാനെ ഇസ്ലാം മത വിശ്വാസിയെന്ന് വിളിക്കാനാകില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.