കൊച്ചി: കഠിന വഴിയിലൂടെ നടന്നുകയറുമ്പോൾ ഉള്ളിൽ പതിഞ്ഞതാണ് ആ കുരുന്നിന്റെ മുഖം. മാതൃസ്നേഹം പരസ്പരം പകർന്ന കുഞ്ഞിനെ പിൽക്കാലത്ത് എവിടെയും രഞ്ചു രഞ്ജിമാറിന് കണ്ടെത്താനായില്ല. ട്രാൻസ്ജെൻഡർ സ്വത്വം തിരിച്ചറിഞ്ഞ് വീടുവിട്ട് ഇറങ്ങി 18ാം വയസിൽ വീട്ടുജോലിക്ക് നിന്നപ്പോഴാണ് അവിടുത്തെ ഇളയ കുഞ്ഞുമായി അടുത്തത്. കാലം മുന്നോട്ടുനീങ്ങി അവിടെ നിന്നും ജീവിതത്തിലെ പലവഴികളിലൂടെ സഞ്ചരിച്ചപ്പോൾ ബന്ധങ്ങൾ നഷ്ടപ്പെട്ടു. വർഷങ്ങൾക്കിപ്പുറം അന്വേഷിച്ചെങ്കിലും കണ്ടെത്താനിയില്ല. ബാക്കിയായ കുഞ്ഞ് ഓർമകൾ മാത്രം ചേർത്തുവെച്ച് കൂടുതൽ കഥാ സന്ദർഭങ്ങൾ ഉൾപ്പെടുത്തി 'കുട്ടിക്കൂറ' എന്ന പേരിൽ സിനിമയാക്കുമ്പോൾ അത് കണ്ട് അവൻ തന്നെ തേടിയെത്തുെമന്നാണ് പ്രതീക്ഷയെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു.
കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലൂടെ മികച്ച ജീവിതം കെട്ടിപ്പടുത്ത രഞ്ജു രഞ്ജിമാർ പ്രതിസന്ധികളെ ഊർജമായി മാറ്റിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റാണ്. സംവിധായികയുടെ മേലങ്കി അണിഞ്ഞ് സ്വന്തം ജീവിതാനുഭവം ആർട്ട് സിനിമയായി അവതരിപ്പിക്കാനിറങ്ങുമ്പോൾ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അവർ 'മാധ്യമ'ത്തോട് പറഞ്ഞു.
വേർതിരിവുകളും അവഗണനകളും തളർത്താതെ മുന്നോട്ടു നീങ്ങി സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്തിയ രഞ്ജു ട്രാൻസ് ജെൻഡർ കമ്യൂണിറ്റിക്ക് തന്നെ പ്രചോദനമാണ്. അങ്കമാലിയിൽ സ്വന്തമായി മേക്കപ്പ് സ്റ്റുഡിയോ നടത്തുന്ന രഞ്ജു സിനിമ മേഖലയിൽ സജീവമാണ്. മുന്നൊരുക്ക പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളുണ്ടാകുമെന്ന് അവർ പറഞ്ഞു. അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും. 2019ലെ ഒരു ഷോർട് ഫിലിം ഫെസ്റ്റിവെലിലൂടെ ഇത് അഭ്രപാളിയിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാൽ കഥകേട്ട എല്ലാവരും പൂർണ പിന്തുണ നൽകി ഒപ്പം നിൽക്കുകയാണ്. പ്രാരംഭഘട്ട നടപടികൾ പൂർത്തിയായ ചിത്രത്തിലെ അഭിനേതാക്കളെ തീരുമാനിച്ചുകഴിഞ്ഞു. ചിത്രീകരണം പൂർത്തിയാക്കി തൻറെ പിറന്നാൾ ദിനമായ നവംബർ 27ന് റിലീസ് ചെയ്യണമെന്നാണ് കരുതുന്നതെന്നും രഞ്ജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.