റിവർ മാനേജ്മെൻറ് ഫണ്ട് ക്രമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്

കൊച്ചി: റിവർ മാനേജ്മെൻറ് ഫണ്ട് ക്രമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ട്. ക്രമക്കേട് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ലഭിച്ച് പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പത്തനംതിട്ട, കോട്ടയം, കണ്ണൂർ, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളിലായി പാലങ്ങളുടെ നിർമ്മാണ പ്രവർത്തി സംബന്ധിച്ച് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇൻ്റഗ്രൽ സൊലൂഷ്യൻസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി 2015ലാണ് ഉത്തരവിറക്കിയത്. തുടർന്ന്് അവർ ഒൻപത് പാലങ്ങൾ നിർമിക്കാൻ അനുകൂലമായി റിപ്പോർട്ട് നൽകി. ഏകദേശ എസ്റ്റിമേറ്റ് 38 കോടി കണക്കാക്കി. പത്തനംതിട്ടയിൽ അച്ഛൻകോവിൽ ആറിന് കുറുകെ കൈപ്പട്ടൂർ, തൃപ്പാറ, ചിറ്റൂർക്കടവ്, കോട്ടയംജില്ലയിൽ മീനച്ചിലാറിൽ അരമന്നൂർ, ചവിട്ടുവേലി, കണ്ണൂരിൽ പുരേട്ടപ്പുഴ, എറണാകുളത്ത് കലിയാറിൽ സിദ്ധൻ പടി - പേരൂർ കടവ്, കൊല്ലം അഷ്ടമുടി കായലിൽ മൺട്രോ തുരുത്ത് - പെരുങ്ങളം കടവ്, മലപ്പുറം ചാലിയാറിൽ മടവന്ന കടവ് എന്നിങ്ങനെയാണ് ഒമ്പത് പലങ്ങൾ.

സാധ്യതാ പഠന റിപ്പോർട്ട് അംഗീകരിച്ചതിനെത്തുടർന്ന് 2015 നവംബർ 19ന് ഉത്തരവ് പ്രകാരം റിവർ മാനേജ് ഫണ്ട് ഉപയോഗിച്ച് ഈ പാലങ്ങൾ നിർമ്മിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. നോഡൽ ഏജൻസിയായി പത്തനംതിട്ട ജില്ല നിർമിതി കേന്ദ്രത്തെയും ചുമതലപ്പെടുത്തി. ആറ് മാസത്തിനുള്ള നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. ഡിസൈൻ കൺസൾട്ടൻറായി ഇൻറഗ്രൽ സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി 2016 ജനുവരി ആറിനും നിർമാണ ചുമതലുള്ള സെറംസ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയുമായി ഫെബ്രുവരി 24 നും നിർമ്മിതികേന്ദ്രം പ്രോജക്ട് മാനേജർ കരാർ ഒപ്പിട്ടു.

2015 ഡിസംബർ 28ന് മറ്റൊരു ഉത്തരവ് ഇറക്കി. അതിൽ വിവിധ ജില്ലകളിൽ നിന്നും (മലപ്പുറം - 20 കോടി, കൊല്ലം - എട്ടു കോടി, തൃശൂർ - അഞ്ചു കോടി, എറണാകുളം - ഒരു കോടി. ആകെ 34 കോടി) റിവർ മാനേജ് ഫണ്ടിലെ തുക പത്തനംതിട്ട ജില്ലയിലേക്ക് മാറ്റണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നായി ഒമ്പത് കോടി മാത്രമാണ് പത്തനംതിട്ട ജില്ലയിലെ ഫണ്ടിലേക്ക് കൈമാറ്റം ചെയ്തത്. ഉത്തരവ് പ്രകാരം മറ്റു ജില്ലകൾ തുക കൈമാറിയിട്ടില്ല.

നിർമാണപ്രവർത്തനം ഏറ്റെടുത്ത സ്ഥാപനം കോട്ടയം ജില്ലയിലെ അരമന്നൂർ, ചവിട്ടുവേലി കടവ്, പത്തനംതിട്ടയിലെ കൈപട്ടൂർ, ചിറ്റൂർ കടവ്, തൃപ്പാറ എന്നീ സ്ഥലങ്ങളിലെ അഞ്ച് പാലങ്ങൾ മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. 2017 ഫെബ്രുവരി എട്ടിന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർമ്മാണം തുടങ്ങിയിട്ടില്ലാത്ത നാലു പാലങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമാണം ആരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 2019 നവംബറിൽ പത്തനംതിട്ടയിൽ മൂന്നു സ്ഥലങ്ങളിലും നേരിട്ട് പരിശോധന നടത്തിയപ്പോൾ കരാർപ്രകാരം നിർമ്മാണം ആരംഭിച്ചു നാലുവർഷം കഴിഞ്ഞിട്ടും 7.81 കോടി രൂപ ചെലവഴിച്ചിട്ടും മൂന്നു പാലങ്ങളുടെയും സബ് സ്ട്രക്ചർ വരെ മാത്രമാണ് നിർമിച്ചത്. മൂന്നു വർഷത്തോളമായി യാതൊരു പ്രവർത്തനവും സൈറ്റുകളിൽ നടന്നിട്ടില്ല. രേഖകൾ പരിശോധിച്ചതിൽ സാങ്കേതിക അനുമതി നൽകിയതിൽ വീഴ്ച പറ്റിയെന്നും കണ്ടെത്തി. ഇക്കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2015ൽ പ്രോജക്ട് തയ്യാറാക്കുമ്പോൾ ഒമ്പത് പാലങ്ങളുടെ നിർമ്മാണത്തിന് ആകെ കണക്കാക്കിയ തുക 23.57 കോടി ആയിരുന്നു. സാങ്കേതിക അനുമതി ഉത്തരവിലെ സമ്മറിയിൽ അത് 28.69 കോടി ആയി ഉയർന്നു. ഇവ തമ്മിൽ 5.12 കോടിയുടെ വ്യത്യാസമുണ്ടായി. ഇതിനു പുറമെ ഇലക്ട്രിക്കൽ ലൈൻ മാറ്റുവാൻ 26,000 രൂപയും റീട്ടെയിനിങ് വാൾ പുനർനിർമ്മിക്കുന്നതിനായി 20.70 ലക്ഷവും വിവിധ കൺസൾട്ടൻസി ചാർജുകളായി 3.07 കോടിയും ഉൾപ്പെടുത്തി. പരിശോധനയിൽ 5.12 കോടി സർക്കാരിന് നഷ്ടം സംഭവിക്കുന്നതിന് കോൺട്രാക്ടർക്ക് ലാഭം ഉണ്ടാക്കുന്നതിനും അതുവഴി നിർമ്മിതി കേന്ദ്രത്തിലെ ജീവനക്കാർ ഉൾപ്പെടെ സർവീസ് ചാർജിനങ്ങളിലും മറ്റും സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനും ഇടയാക്കിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിവർ മാനേജ്മെൻറ് ഫണ്ട് ക്രമവിരുദ്ധമായി വിനിയോഗച്ചവർക്കെതിരെ നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Tags:    
News Summary - Report that river management funds are being misused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.