തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രമേയത്തിൽ തുടർ നടപടികളുമായി രാജ്ഭവൻ. പ്രമേയം സംബന്ധിച്ച് വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനോടായിരിക്കും ഗവർണർ വിശദീകരണം തേടുക. പ്രമേയത്തിന് അനുമതി നൽകിയത് എങ്ങനെയെന്ന് വി.സി വിശദീകരിക്കണം. നിയമവിരുദ്ധമായാണ് പ്രമേയം അവതരിപ്പിച്ചതെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.
ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. കണ്ണൂർ സർവകലാശാലയിലെയടക്കം വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട് ചാൻസലർ നടത്തിയ ഇടപെടലിനെതിരെയാണ് സിൻഡിക്കേറ്റ് പ്രമേയം പാസാക്കിയത്. ഉന്നത വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടത്തിനായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ അവയെ സ്തംഭിപ്പിക്കാനുള്ള നീക്കം ചാൻസലറുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രമേയത്തിൽ പറയുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെ ഒമ്പത് വി.സിമാരോട് ചാൻസലർ രാജി ആവശ്യപ്പെട്ടത് തികച്ചും അനുചിതമാണ്.
ഗവർണറുടെ നടപടി സർവകലാശാലയിൽ ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന, സർവകലാശാലയെ പ്രതിസന്ധിയിലാക്കുന്ന ചാൻസലറുടെ നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.