തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഘട്ടംഘട്ടമായി 60 ആക്കി ഉയർത്തണമെന്ന് കേരള ഭരണപരിഷ്കരണ കമീഷൻ. സർക്കാർ ഒാഫിസുകളിലെ പ്രവൃത്തിദിനങ്ങളുടെ എണ്ണം അഞ്ചായി കുറയ്ക്കണമെന്നും വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ കമീഷൻ സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്തു. കമീഷെൻറ നാലാമത് റിപ്പോർട്ടാണിത്. റിപ്പോർട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സമർപ്പിച്ചു.
കേരളത്തിൽ ആയുർദൈർഘ്യം 74 വയസ്സാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷൻ പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന ശിപാർശ നൽകിയത്. സർക്കാർ ഒാഫിസുകളിലെ പ്രവൃത്തിദിനങ്ങൾ ആറിൽനിന്ന് അഞ്ചായി കുറയ്ക്കുന്നതിനൊപ്പം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ ആവണം ഒാഫിസ് സമയമെന്നും നിർദേശിച്ചു. ജോലിയിലിരിക്കെ ഉദ്യോഗസ്ഥർക്ക് അപകടമോ മറ്റേതെങ്കിലും കാരണത്താലോ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടായാൽ അടുത്ത ബന്ധുവിന് സർവിസിലിരിക്കെ മരിക്കുന്നവർക്ക് നൽകുന്നതിന് സമാന ആനുകൂല്യം നൽകണം. ഇതിനായി കേരള സർവിസ് ചട്ടം ഭേദഗതി ചെയ്യണം.
സർക്കാർ ജീവനക്കാരുടെ ലീവുകൾ പുനഃക്രമീകരിക്കണം. ലീവുകൾ പൊതുഅവധി, പ്രത്യേക അവധി, നിയന്ത്രിത അവധി, കാഷ്വൽ ലീവ് എന്നിങ്ങനെ നാലുതരമായി തിരിക്കണം. പൊതുഅവധി ദിനങ്ങളുടെ എണ്ണം കുറക്കണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും കാലകാലങ്ങളിൽ സർക്കാർ വിജ്ഞാപനം ചെയ്യുന്നതുമായ സ്ഥാപനങ്ങളിൽ നടത്തുന്ന നിയമനങ്ങളിലും കമീഷൻ മാർഗനിർദേശം നൽകി. പി.എസ്.സി മാതൃകയിൽ മൂന്നംഗ കമീഷൻ ഇൗ സ്ഥാപനങ്ങളിലെ നിയമനകാര്യത്തിന് രൂപവത്കരിക്കണം.
സർക്കാർ ഒാഫിസുകളിൽ സിംഗിൾ ഡിജിറ്റ് ഫയൽ സമ്പ്രദായം നടപ്പാക്കണം. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങി ഏതുതലത്തിലെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും സിംഗിൾ ഡിജിറ്റ് ഫയൽ നമ്പർ പ്രകാരം ഫയൽ പരിശോധിക്കാൻ സാധിക്കും. ഇതുവഴി ഫയൽ നീക്കത്തിലുള്ള കാലതാമസം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.കമീഷൻ റിപ്പോർട്ടുകൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.