അരിക്കു പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു

കോട്ടയം: അരി വില വര്‍ധനക്കു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിക്കും വില കുതിച്ചുയരുന്നു. വിവിധയിനം പച്ചക്കറികള്‍ക്ക് 50-60 ശതമാനംവരെ വില ഉയര്‍ന്നപ്പോള്‍ അരിക്ക് 10 മുതല്‍ 15 രൂപവരെ വര്‍ധിച്ചു. വരള്‍ച്ച കനത്തതോടെ കേരളത്തില്‍ ഏറെ വില്‍പനയുള്ള ആന്ധ്ര അരിയുടെ വരവില്‍ 60-70 ശതമാനവും തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി വരവ് 40 ശതമാനവും കുറഞ്ഞു. ഇതോടെ വരും ദിവസങ്ങളില്‍ അരിക്കും പച്ചക്കറിക്കും വന്‍ വിലവര്‍ധനക്കുള്ള സാധ്യത സര്‍ക്കാര്‍ ഏജന്‍സികളും കച്ചവടക്കാരും തള്ളുന്നില്ല. റേഷന്‍ പ്രതിസന്ധിയും വരള്‍ച്ച അതിരൂക്ഷമായി തുടരുന്നതും അരിക്കും പച്ചക്കറിക്കും കടുത്തക്ഷാമമുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.

ഒരാഴ്ച മുമ്പുവരെ 20-30 രൂപയുണ്ടായിരുന്ന പല ഇനങ്ങള്‍ക്കും ഒറ്റയടിക്ക് 70-80 രൂപയായി. വെണ്ടക്കക്ക് 70 രൂപയാണ് മൊത്ത വില. ചില്ലറ വ്യാപാരികള്‍ 75-80 രൂപ വാങ്ങുന്നു. പച്ചമുളകിന് വില 60-70 രൂപവരെയായി. പച്ചപ്പയര്‍ നാടന് 70-75 രൂപയും മറ്റുള്ളവക്ക് 60-65 രൂപയുമാണ്. നാടന്‍ പയര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ബീന്‍സിന് 75ഉം കറിവേപ്പിലക്ക് 60-65ഉം രൂപ ആയപ്പോള്‍ കാരറ്റിനും ബീറ്റ്റൂട്ടിനും 50 ശതമാനംവരെ കൂടി. കാരറ്റ് 40-50 രൂപയും ബീറ്റ്റൂട്ടിന് 45 രൂപയുമാണ് പുതിയ വില.സംസ്ഥാനത്തെ പ്രധാന പച്ചക്കറി ഉല്‍പാദന കേന്ദ്രമായ കാന്തല്ലൂരില്‍ കാരറ്റിന് കഴിഞ്ഞയാഴ്ച കിലോക്ക് 20 രൂപയായിരുന്നു വില. മൊത്തവില 10-15 രൂപയും.

പടവലങ്ങക്കും വെള്ളരിക്കക്കും 45-50 രൂപയും കോളിഫ്ളവറിന് 40-45 രൂപയുമാണ് പുതിയ വില. മുരിങ്ങക്ക 60-70, ഏത്തക്ക (നാടന്‍) 50-60, മൈസൂര്‍ 40-45, വിലയിടിഞ്ഞ് ആര്‍ക്കും വേണ്ടാതിരുന്ന തക്കാളിക്ക് ഇപ്പോള്‍ 40 രൂപയാണ് വില. പഴവര്‍ഗങ്ങള്‍ക്കും തീവിലയാണ്. ഞാലിപ്പൂവന് കിലോക്ക് 65-70 രൂപയായി. മറ്റു പഴങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്. വരള്‍ച്ച രൂക്ഷമായതോടെ മറയൂരിലും കാന്തല്ലൂരിലും  ഉല്‍പാദനം കുറഞ്ഞതായി സര്‍ക്കാര്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ് അധികൃതര്‍ അറിയിച്ചു. വരള്‍ച്ച കനത്തതോടെ തമിഴ്നാട്ടില്‍ പച്ചക്കറി ഉല്‍പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്.

വിലവര്‍ധന പിടിച്ചുനിര്‍ത്താനുള്ള നടപടിക്കു സംസ്ഥാന കൃഷി-ഭക്ഷ്യവകുപ്പുകള്‍ക്ക് കഴിയാതെ പോയി. സര്‍ക്കാര്‍ ഏജന്‍സികളുടെ വിപണി ഇടപെടലും പരാജയമായി. ഒരു മാസംകൊണ്ട് അരിക്ക് 10-13 രൂപവരെ വര്‍ധിച്ചിട്ടും ഇടപെടാന്‍ സപൈ്ളകോക്കു കഴിഞ്ഞില്ല. കര്‍ഷകരില്‍നിന്ന് ആവശ്യത്തിന് നെല്ല് സംഭരിക്കാന്‍ കഴിയാതിരുന്നതും സംഭരിച്ചതിന്‍െറ കുടിശ്ശിക നല്‍കാതിരുന്നതും സ്വകാര്യമില്ലുടമകള്‍ നേട്ടമാക്കി. അരിയുടെ പൂഴ്ത്തിവെപ്പും വ്യാപകമാണ്. ജയ അരിയുടെ ചില്ലറ വില്‍പന വില 46-48 രൂപയാണ്. സുരേഖക്ക് 41 രൂപയും പച്ചരിക്ക് 29-30 രൂപയുമായി. മട്ട അരി ഉണ്ടക്കും മട്ട അരിക്ക് 44-48 രൂപയാണ് വില. പലവ്യഞ്ജനങ്ങള്‍ക്കും വില ഉയരുകയാണ്. പയര്‍-പരിപ്പ് വര്‍ഗങ്ങള്‍ക്ക് 20 ശതമാനംവരെ വില ഉയര്‍ന്നിട്ടുണ്ട്.

 

 

Tags:    
News Summary - rice and vegetables prices increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.