വാളയാർ: രാത്രി ട്രെയിനിന് മുകളിൽ കയറി യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്. തമിഴ്നാട് മധുര സ്വദേശി മാരിമുത്തുവിനാണ് (40) തലക്കും കാലിനും പരിക്കേറ്റത്. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വാളയാർ മാൻ പാർക്കിന് സമീപത്തെ വനത്തിലായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോയ ട്രെയിനിന് മുകളിലാണ് കിലോമീറ്ററുകളോളം യാത്ര ചെയ്തത്.
കോയമ്പത്തൂർ മധുക്കരയിൽ നിന്നാണ് ട്രെയിനിന് മുകളിൽ കയറിയതെന്ന് സംശയിക്കുന്നതായി റെയിൽവേ സംരക്ഷണസേന അറിയിച്ചു. നിർത്തിയിട്ട ട്രെയിനിന് മുകളിലേക്ക് ഒരാൾ കയറുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ റെയിൽവേ പൊലീസിനും ആർ.പി.എഫിനും വിവരം നൽകുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥരെത്തി തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പതുങ്ങിക്കിടന്നതിനാൽ കണ്ടെത്താനായില്ലെന്നും താഴ്ന്ന് കിടന്നതിനാലാണ് വൈദ്യുതാഘാതം ഏൽക്കാതിരുന്നതെന്നും അധികൃതർ പറഞ്ഞു. വനമേഖലയിൽ വേഗം കുറവായിരുന്നെങ്കിലും ബി ലൈൻ ട്രാക്കിലെ വളവിൽ ട്രെയിൻ കടന്നുപോകുന്നതിനിടെ ഇയാൾ തെറിച്ചുവീഴുകയായിരുന്നു. അഗ്നിരക്ഷാസേനയാണ് ആശുപത്രിയിലെത്തിച്ചത്. കേസെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.