കാക്കൂർ (കോഴിക്കോട്): നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗർ റിഫ മെഹ്നുവിന്റെ പിതാവ്. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ സത്യാവസ്ഥ അറിയാമെന്നും മകളെ അറിയുന്നവരുടെ ഭാഗത്തുനിന്നെല്ലാം പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് രാവിലെ വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽനിന്നും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തിരുന്നു. രാവിലെ 9.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമുണ്ടായിരുന്നില്ല. ബന്ധുക്കളും ജന്മനാടായ കാക്കൂരിലെ നാട്ടുകാരും ഖബർസ്ഥാൻ പരിസരത്തുണ്ടായിരുന്നു.
ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ഖബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
മാർച്ച് മൂന്നിനാണ് പാവണ്ടൂരിൽ ഖബറടക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം.
രണ്ട് മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് രാത്രിയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബിലെ ലൈക്കിന്‍റെയും സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.
റിഫ മെഹ്നൂസ് എന്ന പേരിലാണ് റിഫ വ്‌ളോഗിങ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വിഷയങ്ങൾ. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.