തിരുവനന്തപുരം: ആദിവാസികളുടെ സാമൂഹിക വനാവകാശം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ അട്ടിമറി. പാര്‍ലമെന്‍റ് പാസാക്കിയ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് രേഖകള്‍. നിയമത്തിലെ പത്ത് വകുപ്പുകള്‍ പരമ്പരാഗതസാമൂഹിക അവകാശങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നവയാണ്.
എന്നാല്‍, ഇതൊന്നും നടപ്പാക്കാന്‍ റവന്യൂ, വനം, പഞ്ചായത്ത്, പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ല. നിയമം നിഷ്കര്‍ഷിക്കുന്ന സമയപരിധിക്കുള്ളില്‍ കാര്യങ്ങള്‍ ചെയ്തില്ളെങ്കില്‍ ഉദ്യോഗസ്ഥര്‍ ശിക്ഷാര്‍ഹരാണ്. എന്നാല്‍, അതിനുവേണ്ടി വാദിക്കാന്‍ ആദിവാസികള്‍ക്ക് കഴിയുന്നില്ല. നിര്‍ണായക അവകാശങ്ങളൊന്നും ഗോത്ര ഗ്രാമസഭകള്‍ക്ക് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല. കേന്ദ്ര മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ നിര്‍ദേശങ്ങളും നടപ്പാക്കിയില്ല.
ഭൂമിക്ക് കൈവശരേഖ നല്‍കുന്നതില്‍ ഒതുങ്ങുകയാണ് നിയമം. സംസ്ഥാനത്ത് വനാവകാശം നടപ്പാക്കിയ മാതൃകാഗ്രാമമായി പ്രഖ്യാപിച്ചത് അതിരപ്പള്ളി ഗ്രാമപഞ്ചായത്തിനെയാണ്. എന്നാല്‍ സൊസൈറ്റികള്‍, വനസംരക്ഷണസമിതി, വനവിഭവ ഏജന്‍സി, ബാംബൂ കോര്‍പറേഷന്‍ തടങ്ങിയവയും ഫോറസ്റ്റ് കരാറുകാരുമാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
മലക്കപ്പാറ ഊരുകൂട്ടത്തിലും സ്ഥിതി ഭിന്നമല്ല.വയനാട്ടിലെ 126 ഊരുകള്‍ക്ക് സാമൂഹിക വനാവകാശം നല്‍കിയപ്പോള്‍ വെറും രണ്ടേക്കര്‍ മുതല്‍ 40 ഏക്കര്‍വരെയാണ് ലഭിച്ചത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ പരമ്പരാഗത വനവിഭവ മേഖല പ്രാക്തന ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ 10,000 ഹെക്ടറിലധികം വരും. നിയമമനുസരിച്ച് ഊരുകൂട്ടത്തിലെ അംഗങ്ങള്‍ കൂടിയാലോചിച്ചാണ് പരമ്പരാഗതമായി സഞ്ചരിക്കുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തേണ്ടത്.
എന്നാല്‍, വയനാട്ടിലെ ഉദ്യോഗസ്ഥര്‍ ആദിവാസികളുടെ അവകാശം തട്ടിയെടുത്തു. അതാകട്ടെ ആദിവാസികളുടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല, വനവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നവീന സാധ്യതകളുമാണ് തടയുന്നത്. വനമേഖല വനേതര ആവശ്യത്തിന് കൈമാറുന്നതിന് വനാവകാശനിയമം അനുസരിച്ച് ഗ്രാമസഭകളുടെ അനുമതിയും വേണം. ഊരുസഭയാകട്ടെ സ്വയംനിര്‍ണയാധികാരമുള്ള സ്റ്റാറ്റ്യൂട്ടറി ഗ്രാമസഭകളാണ്.
പരമ്പരാഗതമായി വനവിഭവങ്ങള്‍ ശേഖരിക്കുന്ന മേഖലയുടെ ഭൂപടം തയാറാക്കി ഊരുകൂട്ടം അംഗീകരിച്ചാല്‍ ആ പ്രദേശത്തിന്‍െറ വനം, വന്യജീവി, ജൈവവൈവിധ്യം, നീര്‍ച്ചാലുകള്‍, വൃഷ്ടിപ്രദേശം എന്നിവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും വനംവകുപ്പിന് ഒപ്പം നില്‍ക്കുന്നത് ഗ്രാമസഭകളാണ്. നിയമം അട്ടിമറിക്കുന്നതിലൂടെ വനസംരക്ഷണവും തടയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.