തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമീഷണറടക്കം ആറംഗങ്ങളുള്ള സംസ്ഥാന വിവരാവകാശ കമീഷനിൽ പരാതികളും അപ്പീലുകളും കെട്ടിക്കിടക്കുന്നു. 5,066 അപ്പീലും 1,662 പരാതിയും ഉൾപ്പെടെ 6,728 എണ്ണമാണ് തീർപ്പാകാതെ കിടക്കുന്നത്. കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക് മാർച്ച് മൂന്നിന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങൾ.
നിലവിലെ കമീഷൻ അംഗങ്ങൾ ചുമതലയേറ്റശേഷം 4,757 അപ്പീലും 1636 പരാതിയും തീർപ്പാക്കി. അപേക്ഷകളിൽ ശരിയായ മറുപടി ലഭ്യമാക്കാത്തതിനാൽ 6.35 ലക്ഷം രൂപ പിഴ ചുമത്തി. പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരെ ആക്ഷേപമുള്ളപ്പോഴോ വിവരം യഥാസമയം ലഭിച്ചില്ലെങ്കിലോ ലഭിച്ച വിവരം അപൂർണമാണെങ്കിലോ അല്ലെങ്കിൽ മറുപടി തെറ്റായിട്ടുള്ളതോ തെറ്റിദ്ധരിപ്പിക്കുന്നതിനോ ആണെങ്കിൽ വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലധികാരിക്ക് 30 ദിവസത്തിനകം ഒന്നാം അപ്പീൽ നൽകാമെന്നാണ് വ്യവസ്ഥ.
ഒന്നാം അപ്പീൽ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ 90 ദിവസത്തിനകം വിവരാവകാശ കമീഷനിൽ രണ്ടാം അപ്പീൽ സമർപ്പിക്കാം. പരാതിയിലോ രണ്ടാം അപ്പീലോ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെളിഞ്ഞാൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനിൽനിന്ന് 25000 രൂപവരെ പിഴ ചുമത്താൻ കമീഷന് അധികാരമുണ്ട്. വിവരാവകാശ നിയമവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല (അച്ചടക്കലംഘന) നടപടിക്ക് നിർദേശിക്കാനും അധികാരമുണ്ട്.
2024 മാർച്ച് അഞ്ചിന് ചുമതലയേറ്റ മുഖ്യവിവരാവകാശ കമീഷണർ വി. ഹരി നായർ ഒരു വർഷത്തിനിടെ പരിഗണിച്ച 376 പരാതിയിൽ തീർപ്പാക്കിയത് 78. മൂന്ന് പരാതികളിൽനിന്ന് 25,000 രൂപ പിഴ വിധിച്ചു. 2022 ആഗസ്റ്റ് അഞ്ചിന് ചുമതലയേറ്റ എ. അബ്ദുൽഹക്കീം 1796 പരാതി പരിഗണിച്ചതിൽ 641 എണ്ണം തീർപ്പാക്കി. 17 എണ്ണത്തിൽ 2.63 ലക്ഷം രൂപ പിഴയും വിധിച്ചു.
2023 മുതൽ അംഗമായ ഡോ. കെ.എം. ദിലീപാണ് കൂടുതൽ അപ്പീൽ പരിഗണിച്ചത് -2,183. ഇതിൽ 798 എണ്ണം തീർപ്പാക്കി. 59 പരാതികളിൽനിന്ന് 2.13 ലക്ഷം രൂപ പിഴ വിധിച്ചു. 2024 ജൂൺ മുതൽ അംഗമായ ടി.കെ. രാമകൃഷ്ണനാണ് ഏറ്റവും കുറവ് പരാതി തീർപ്പാക്കിയത്. 174 പരാതിയിൽ 23 എണ്ണം തീർപ്പാക്കിയ ഇദ്ദേഹം ഇതുവരെ ഒന്നിലും വിധിച്ചിട്ടില്ല. ഇതേദിവസം ചുമതലയേറ്റ ഡോ. സോണിച്ചൻ പി. ജോസഫ് 228 ൽ 71 എണ്ണം തീർപ്പാക്കി. 253 പരാതികളിൽ 25 എണ്ണം തീർപ്പാക്കിയ ഡോ.എം. ശ്രീകുമാർ 11 പരാതികളിൽ 1.34 ലക്ഷം രൂപ പിഴ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.