15 ദിവസത്തിനകം നോട്ടീസ് കൈപ്പറ്റി 350 രൂപ അടക്കണം; വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വീടിനും നികുതി!

15 ദിവസത്തിനകം നോട്ടീസ് കൈപ്പറ്റി 350 രൂപ അടക്കണം; വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വീടിനും നികുതി!

കോഴിക്കോട്: വിലങ്ങാട് ഉരുൾ​പൊട്ടലിൽ പൂർണമായി തകർന്ന വീടിനും നികുതി ചുമത്തി. മഞ്ഞച്ചീളി നിവാസിയായ സോണി എബ്രഹാം പന്തലാടിക്കലിനാണ് കെട്ടിട നികുതി അടക്കണമെന്നാവശ്യപ്പെട്ട് വാണിമേൽ പഞ്ചായത്ത് നോട്ടീസ് അയച്ചത്.

ഇന്നാണ് സോണിക്ക് നോട്ടീസ് ലഭിച്ചത്. വീട് പൂർണമായി തകർന്ന് വാസയോഗ്യമല്ലാത്തതിനാൽ വാടകവീട്ടിലാണ് സോണി താമസിക്കുന്നത്. ഇന്ന് വിലങ്ങാടെത്തിയപ്പോഴാണ് പോസ്റ്റ് ഓഫിസിൽ നിന്ന് നോട്ടീസ് ലഭിച്ചത്. 15 ദിവസത്തിനകം കൈപ്പറ്റി 350 രൂപ നികുതിയടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

വീട് തകർന്ന കാര്യം പഞ്ചായത്ത് അധികൃതർക്ക് അറിയാവുന്നതാണ്. തന്നെയും ഉൾപ്പെടുത്തി പഞ്ചായത്ത് അധികൃതർ വീടിനായി സർക്കാറിന് ലിസ്റ്റ് കൈമാറിയതാണെന്നും സോണി പറയുന്നു. അങ്ങനെയുള്ളപ്പോൾ എന്തിനാണിപ്പോൾ നോട്ടീസ് അയച്ചതെന്നും സോണി ചോദിക്കുന്നു.

എന്നാൽ, വീട് നഷ്ടമായെന്നും അതിനാൽ നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകിയ ആർക്കും നോട്ടീസ് അയച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. സോണി അത് അയച്ചിട്ടുണ്ടാവില്ലെന്നും അതിനാലാണ് നോട്ടീസ് ലഭിച്ചതെന്നുമാണ് പഞ്ചായത്ത് പറയുന്നത്. സോണിയുടെ വീട് പൂർണമായും തകർന്നോ എന്ന് ഉറപ്പുണ്ടോ എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുടെ മറുപടി. പുനരധിവാസ പട്ടികയിലുള്ള പലർക്കും വീടുണ്ട്, പക്ഷേ അതൊന്നും വാസയോഗ്യമല്ലെന്നും അതിന് നികുതിയൊഴിവാക്കണമെന്ന് അപേക്ഷ നൽകിയവർക്ക് ഒഴിവാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിൽ കുറെ സോണിമാരുണ്ട്. ഇയാളുടെ വീട് പൂർണമായും നഷ്ടമായതാണോയെന്ന് നോക്കിയിട്ട് പറയാമെന്നും പി. സുരയ്യ പറഞ്ഞു. എന്നാൽ, തന്റെ വീട് നഷ്ടമായോ എന്ന് പത്താം വാർഡ് മെമ്പറോട് ചോദിച്ചാൽ മനസിലാവുമെന്നും അടിത്തറയടക്കം ഒലിച്ചുപോയ വീടെങ്ങനെ വാസയോഗ്യമാവുമെന്നും സോണി ചോദിച്ചു. പൂർണമായും വീട് പോയ 21 പേരുടെ പട്ടികയിൽ തന്റെ പേരുണ്ടെന്നും വീട് നഷ്ടമായാൽ അപേക്ഷ കൊടുക്കണമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സോണി വ്യക്തമാക്കി.

Tags:    
News Summary - Tax imposed on house completely destroyed in Vilangad landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.