കളമശ്ശേരി: പോണേക്കര ഇരട്ടക്കൊലപാതക കേസിൽ 17 വർഷത്തിനുശേഷം പ്രതി റിപ്പർ ജയാനന്ദൻ പിടിയിൽ. പ്രായമായ സ്ത്രീയെയും അവരുടെ ബന്ധുവിനെയും തലക്കടിച്ച് കൊല്ലുകയും സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം പോണേക്കര ചേന്ദൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സമ്പൂർണ വീട്ടിൽ 74 വയസ്സുകാരിയെയും ബന്ധു രാജൻ സ്വാമി എന്ന നാരായണയ്യരെയും (60) തലക്കടിച്ച് കൊന്ന സംഭവത്തിലടക്കം വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞുവന്ന ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദനാണ് പിടിയിലായത്.
2004 മേയ് 30നായിരുന്നു സംഭവം. ഇരുവരെയും കൊലപ്പെടുത്തി സ്ത്രീയെ ബലാത്സംഗം ചെയ്താണ് പ്രതി മുങ്ങിയത്. കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ 44 പവനും 15 ഗ്രാം വെള്ളിനാണയങ്ങളും മോഷണം പോയതായും കണ്ടെത്തിയിരുന്നു. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംശയിച്ചിരുന്നെങ്കിലും ചോദ്യം ചെയ്തതിൽ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം സെൻട്രൽ ജയിലിൽവെച്ച് സഹതടവുകാരനോട് മനസ്സ് തുറന്നതോടെയാണ് പൊലീസിന് തുമ്പ് ലഭിച്ചത്. സംഭവസ്ഥലത്തിന് സമീപം രാത്രി ഒന്നരയോടെ പ്രതിയെ കാണാനിടയായെന്ന് മരിച്ച സ്ത്രീയുടെ അയൽവാസി വെളിപ്പെടുത്തിയതും അവർ പ്രതിയെ തിരിച്ചറിഞ്ഞതുമാണ് അറസ്റ്റിലേക്കെത്തിച്ചതെന്ന് സംഭവം വിശദീകരിച്ച എ.ഡി.ജി.പി ശ്രീജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.