കാസര്‍കോട്: പഴയ ചൂരിയിലെ ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ കുടക് എരുമാട് സ്വദേശി മുഹമ്മദ് റിയാസിനെ (34) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിയാസ് മൗലവി വധക്കേസിലെ ഒന്നാം പ്രതി കുഡ്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം മജിസ്‌ട്രേറ്റ് കോടതി പ്രത്യേക അന്വേഷണസംഘത്തിന് വിട്ടുകൊടുത്തത്.
കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞദിവസം തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു. സാക്ഷികളായ പഴയ ചൂരി ജുമാമസ്ജിദ് ഖതീബ് അബ്ദുൽ അസീസ് മൗലവിയും പള്ളിക്ക് സമീപം താമസിക്കുന്നയാളും പ്രതികളെ തിരിച്ചറിഞ്ഞു. ഒന്നാം പ്രതി അജേഷാണ് കൊലനടത്തിയത്. പള്ളിക്കുനേരെയും ഖതീബിനുനേരെയും കല്ലെറിഞ്ഞു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യംചെയ്തുനൽകിയവരെ കണ്ടെത്താനുണ്ട്. കൊലക്ക് പ്രേരണയുണ്ടെങ്കിൽ അതുസംബന്ധിച്ച തെളിവുകൾ ശേഖരിക്കാനുണ്ട്. പ്രതികളെ ചോദ്യംചെയ്തുലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ
എണ്ണത്തിൽ മാറ്റമുണ്ടാകുക. മീപ്പുഗിരിയിൽ കൊലക്ക് പ്രേരണയായിയെന്നു പറയുന്ന പ്രസംഗത്തിെൻറ പകർപ്പുലഭിച്ചാൽ ഉന്നതൻതന്നെ പ്രതിസ്ഥാനത്തേക്ക് വന്നേക്കുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.