ഗൂഢാലോചനയിൽ പങ്ക്; പ്രശാന്തിനെയും പ്രതിചേർക്കണമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന ആവശ്യവുമായി കുടുംബം.

ഗൂഢാലോചനയിൽ പ്രശാന്തിന് പങ്കുണ്ടെന്നും പൊലീസ് അദ്ദേഹത്തെ പ്രതിചേർക്കണമെന്നും നവീന്‍റെ ബന്ധു ഹരീഷ് കുമാർ ആവശ്യപ്പെട്ടു. നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാൻ അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം നവീന്‍റെ കുടുംബത്തിന്‍റെ മൊഴി വീണ്ടും എടുക്കും. അതേസമയം, റിമാൻഡിലായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ബുധനാഴ്ച ജാമ്യാപേക്ഷ നൽകും. കണ്ണൂർ കലക്ടറുടെ മൊഴിയടക്കം ഉൾപ്പെടുത്തിയാണ് ഹരജി സമർപ്പിക്കുക. തെറ്റ് പറ്റിയെന്ന് എ.ഡി.എം പറഞ്ഞതായി കലക്ടറുടെ മൊഴിയുണ്ട്. എന്താണ് തെറ്റ് എന്ന് അന്വേഷണ സംഘം ചോദിക്കാത്തതെന്ത്‌? പ്രശാന്തിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്‍റെ മൊഴി കോടതിയിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

Tags:    
News Summary - role in conspiracy; Naveen Babu's family wants Prashanth to be implicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.