ജാതി സെൻസസിനെ അനുകൂലിക്കുന്നുവെന്ന് ആർ.എസ്.എസ്: ‘തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത്’

പാലക്കാട്: ജാതി സെൻസസിനെ പിന്തുണക്കുന്നെന്നും ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട ജാതി സെൻസസിനെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുതെന്നും ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ദിവസമായി പാലക്കാട്ട് നടന്ന സമന്വയ് ബൈഠക്കിന്റെ തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസ് ഉള്‍പ്പെടെ കണക്കുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടതാണ്. വിഷയം ബാധിക്കുന്ന സമൂഹവുമായി ചർച്ചക്ക് തയാറാകണം. ഡേറ്റ ശേഖരണത്തിനായി സെൻസസ് പൂർത്തിയാക്കണം. വഖഫ് ഭേദഗതി ബിൽ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) മുമ്പാകെ ആർ.എസ്.എസിന്റെ ഉപഘടകങ്ങൾ നിർദേശങ്ങൾ സമർപ്പിക്കും. ബില്ലിൽ വിയോജിപ്പുകളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ ആർക്കും ജെ.പി.സിയിൽ നിർദേശങ്ങൾ സമർപ്പിക്കാം. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച് മുസ്‍ലിം സംഘടനകളില്‍ നിന്നുതന്നെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ നിയമം പുനഃപരിശോധിക്കുന്നതില്‍ തെറ്റില്ല. പാര്‍ലമെന്ററി സമിതി വിഷയം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമെന്നും പറഞ്ഞു.

പശ്ചിമ ബംഗാളിൽ രാഷ്ട്രപതിഭരണം ഉണ്ടാവുമെന്ന് കരുതുന്നില്ല. സ്ത്രീസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് ആർ.എസ്.എസ് നിലപാട്. നിയമസംവിധാനങ്ങളും സര്‍ക്കാറും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ബംഗ്ലാദേശിലെ ഹിന്ദുക്കളും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുന്ന സാഹചര്യം ബൈഠക് ചർച്ചചെയ്തു. അന്താരാഷ്ട്ര വിഷയമെന്ന നിലക്ക് ഇക്കാര്യത്തില്‍ നയതന്ത്രപരമായ ഇടപെടല്‍ വേണം.

മണിപ്പൂരിലെ ആശങ്ക കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നെന്നും വൈകാതെ അവിടെ സമാധാനമെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ മതപരിവര്‍ത്തന ശ്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. വിഷയത്തിൽ ഇടപെടലുണ്ടാകും. വാർത്തസമ്മേളനത്തില്‍ ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ പ്രദീപ് ജോഷി, നരേന്ദ്ര കുമാര്‍ എന്നിവരും പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി പാലക്കാട് അഹല്യ കാമ്പസില്‍ നടന്ന അഖില ഭാരതീയ സമന്വയ ബൈഠക് തിങ്കളാഴ്ച സമാപിച്ചു.

Tags:    
News Summary - RSS supports caste census: 'Don't use it for elections'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.