റബര്‍ വില കൂടിയിട്ടും ഗുണം കിട്ടാതെ കര്‍ഷകര്‍


കോട്ടയം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി റബര്‍ വിലയില്‍ ഉണ്ടായ നേരിയ വര്‍ധനയുടെ പ്രയോജനം പോലും ലഭിക്കാതെ ലക്ഷക്കണക്കിനു ചെറുകിട കര്‍ഷകര്‍ ദുരിതത്തില്‍. ഉല്‍പാദനം എറ്റവും കൂടുതല്‍ നടക്കുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഉണ്ടാകുന്ന നേരിയ വിലവര്‍ധന പോലും ആശ്വാസമായിരിക്കെ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പണപ്രതിസന്ധിയില്‍ റബര്‍ വാങ്ങല്‍ വ്യാപാരികള്‍ നിര്‍ത്തിവെച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കര്‍ഷകര്‍ക്ക് നല്‍കാന്‍ വ്യാപാരികളുടെ പക്കല്‍ പണമില്ലാതായതോടെ റബര്‍ ആര്‍ക്കും വേണ്ടാതായി.

മലയോര മേഖലകളിലെ സാധാരണക്കാരായ കര്‍ഷകര്‍ റബര്‍ വില്‍ക്കാനുള്ള നെട്ടോട്ടത്തിലാണ്. ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ടാപ്പിങ് നിര്‍ത്തിവെച്ചതോടെ പതിനായിരക്കണക്കിനു ടാപ്പിങ് തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്.
റബറിനു പുറമെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കെല്ലാം നോട്ട് പ്രതിസന്ധി തിരിച്ചടിയായപ്പോള്‍ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലാണ്. കോടികളുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകരുടെയും കച്ചവടക്കാരുടെയും പക്കല്‍ കെട്ടിക്കിടക്കുകയാണ്. അടുത്തിടെ വരെ റബറിനു ലഭിച്ച കൂടിയ വില 100 രൂപയായിരുന്നു. ഇപ്പോള്‍ ആര്‍. എസ്.എസ്-നാലിന് 130 രൂപയായിട്ടുണ്ട്. എന്നാല്‍, പലയിടത്തും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്.
അതേസമയം, ടയര്‍ കമ്പനികള്‍ വിപണിയില്‍നിന്ന് വന്‍തോതില്‍ റബര്‍ വാങ്ങുന്നുമുണ്ട്. വിപണി വിലയെക്കാള്‍ കൂടുതല്‍ നല്‍കിയാണ് സംഭരണം. ഇതിന്‍െറ പ്രയോജനം വന്‍കിടക്കാര്‍ക്ക് മാത്രമാണ്. വന്‍കിടക്കാര്‍ റബര്‍ പാലാണ് വില്‍ക്കുന്നത്. തൊഴില്‍ ചെലവും ഷീറ്റടിക്കലും സംഭരിക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുക്കുമ്പോള്‍ ഇതാണ് ലാഭം. ഇതിന് 110 രൂപവരെ കിട്ടുന്നുണ്ട്.

പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കര്‍ഷകര്‍ക്കു സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കുന്നില്ല. വിലസ്ഥിരത ഫണ്ടും കിട്ടുന്നില്ല. അഞ്ചു മാസമായി ഇതില്‍നിന്ന് ഒരു രൂപപോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും മുന്നോട്ടുവരുന്നില്ല. റബറിന്‍െറ അടിസ്ഥാന വില പ്രഖ്യാപനത്തില്‍നിന്ന് കേന്ദ്രം പിന്മാറിയത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബര്‍ വില ഉയരുകയാണ്. ചൈനയില്‍ വന്‍ ഡിമാന്‍ഡായതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന.

 

Tags:    
News Summary - rubber - price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.