പറുദീസ പണിത റബര്‍ ഇപ്പോള്‍ പണിയും കൊടുക്കുന്നു

കോട്ടയം: റബര്‍ വില മരത്തോളം ഉയര്‍ന്നുനിന്ന കാലത്ത് കാഞ്ഞിരപ്പള്ളിയെന്ന ചെറുപട്ടണത്തിലേക്ക് പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതിയിലെ ഉന്നത ഉദ്യോഗസ്ഥരത്തെി. വന്‍കിട പട്ടണങ്ങളില്‍ വില്‍ക്കുന്നതിലധികം മാരുതി കാറുകള്‍ കുറഞ്ഞകാലംകൊണ്ട് കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലായി വിറ്റഴിയുന്നതിന്‍െറ കാരണം അന്വേഷിച്ചായിരുന്നു വരവ്. അന്ന് അവര്‍ക്ക് പണം ചുരത്തുന്ന റബര്‍ മരങ്ങളാണ് മറുപടിനല്‍കിയത്.

കേരളപ്പിറവിക്ക് അഞ്ചുപതിറ്റാണ്ട് മുമ്പാണ് വിത്തിട്ടതെങ്കിലും മലയാളനാടിനൊപ്പമായിരുന്നു റബര്‍ പടര്‍ന്നുപന്തലിച്ചത്. മധ്യകേരളത്തിന്‍െറ, പ്രത്യേകിച്ച് കോട്ടയത്തിന്‍െറ തലവര മാറ്റിവരക്കാന്‍ ഇതിന് കഴിഞ്ഞു. റബര്‍ കറ ഒരു ജനസമൂഹത്തെ കാറുകളിലേക്കും വലിയ വീടുകളിലേക്കും വലിച്ചുകയറ്റി. മലയോരജനതയുടെ സമസ്ത ജീവിതമണ്ഡലങ്ങളെയും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നതില്‍ വരെയത്തെി റബറിന്‍െറ സ്വാധീനം.
റബര്‍ വിപ്ളവത്തില്‍ ചെറുകിട കര്‍ഷകര്‍ ലക്ഷപ്രഭുക്കളായി. റബര്‍ പണത്തില്‍ കര്‍ഷകമക്കള്‍ നഴ്സിങ്ങും എന്‍ജിനീയറിങ്ങും പഠിച്ചിറങ്ങി. പറുദീസ പണിതുകൊടുത്ത റബര്‍തന്നെ പിന്നീട് പണിയും കൊടുത്തു. ഇപ്പോള്‍ കേരളത്തിന്‍െറ അറുപതില്‍ റബര്‍ കണ്ണീരാണ്.

കടല്‍ കടന്നുവന്ന ജെ.ജെ. മര്‍ഫിയെന്ന സായിപ്പാണ് കാശുണ്ടാക്കുന്ന ഈ കൃഷി കേരളത്തെ പഠിപ്പിച്ചത്. അയര്‍ലന്‍ഡിലെ ഡബ്ളിനില്‍ ജനിച്ച മര്‍ഫിയാണ് ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക അളവില്‍ റബര്‍ കൃഷിചെയ്തത്. അതിന് തെരഞ്ഞെടുത്ത സ്ഥലം കേരളമായിരുന്നു.

1904ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുണ്ടക്കയത്തിനടുത്ത് ഇളങ്കാട് മുതല്‍ കൂട്ടിക്കല്‍ വരെ കൃഷിക്ക് തുടക്കവുമിട്ടു. ഈ വിത്തിടല്‍ കേരളത്തിന്‍െറ സാമ്പത്തികമേഖലയില്‍ വിപ്ളവത്തിന്‍െറ തുടക്കമായിരുന്നു. കേരളത്തിന് പകുതിവയസ്സ് പിന്നിട്ടതോടെ റബറിന്‍െറ പുണ്യകാലമായിരുന്നു. അമ്പതുകളില്‍ പത്തുരൂപയില്‍ താഴെയായിരുന്ന റബര്‍ വില 60-70 കാലഘട്ടത്തില്‍ 20 രൂപയിലത്തെി. എണ്‍പതുകള്‍ക്കുശേഷം വില മൂന്നക്കം കടന്നു. തൊണ്ണൂറുകളിലും മികച്ചവിലയാണ് റബറിന് ലഭിച്ചത്. 2006ല്‍ കിലോക്ക് വില 230ഉം 2009ല്‍ 244 രൂപയിലുമത്തെി. വ്യാപാരമേഖലയില്‍ കോടികള്‍ മറിഞ്ഞു. ടാക്സ് ഇനത്തില്‍ ആയിരത്തോളം രൂപ കോടി പ്രതിവര്‍ഷം സംസ്ഥാന ഖജനാവിലേക്കും എത്തി. റബര്‍ വില ഉയര്‍ന്നുനിന്ന കാലത്ത് 16,000 കോടി രൂപ സമ്പദ്വ്യവസ്ഥയില്‍ കറങ്ങിക്കളിച്ചിരുന്നെന്നാണ് കണക്ക്.

മധ്യതിരുവതാംകൂറില്‍ റബറിന്‍െറ വ്യാപനം പൂര്‍ത്തിയായതോടെ മലബാറിലേക്കും പടര്‍ന്നു. അങ്ങനെ 12,26,000 ചെറുകിട-നാമമാത്ര കര്‍ഷകര്‍ റബറിനൊപ്പം ജീവിതം ആഘോഷിച്ചു. ചെറുകിട-നാമമാത്ര കര്‍ഷകര്‍ മാത്രം രാജ്യത്ത് 5,96,360 ഹെക്ടര്‍ സ്ഥലത്ത്  റബര്‍ കൃഷി നടത്തുന്നെന്നാണ് റബര്‍ ബോര്‍ഡിന്‍െറ കണക്ക്.

പണം ചുരത്തിയ റബര്‍ ഇടക്ക് പിന്‍വലിഞ്ഞു. വില രണ്ടക്കത്തിലേക്ക് കൂപ്പുകുത്തി. പിന്നീട് വില മെച്ചപ്പെട്ടെങ്കിലും ടയര്‍ വ്യവസായികളുടെ അമിത ഇറക്കുമതി മൂലം റബര്‍ വിപണി മൂന്നുവര്‍ഷമായി തകര്‍ച്ചയിലാണ്. മൂന്നുകൊല്ലം മുമ്പ് റബര്‍ ഉല്‍പാദനം ഒമ്പതേമുക്കാല്‍ ലക്ഷമായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചുലക്ഷം ടണായി കുറഞ്ഞു. വില നൂറ്റിപ്പതിനഞ്ചില്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10,000 കോടി രൂപയോളമാണ് നഷ്ടം. വിലയിടിവില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്ക് കിലോക്ക് 150 രൂപ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വിലസ്ഥിരത പദ്ധതിയും നിലവിലുണ്ട്.

Tags:    
News Summary - Rubber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.