കോഴിക്കോട്: മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്ര നടത്തിപ്പിനായി പൊലീസുകാരിൽനിന്ന് പണം പിരിക്കാനാവില്ലെന്ന് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.പി, ഡി.ഐ.ജി കൂടിയായ സിറ്റി പൊലീസ് മേധാവി എ. അക്ബറിന് കത്ത് നൽകി. മത ചിഹ്നങ്ങൾക്കുപോലും വിലക്കുള്ള പൊലീസുകാരിൽനിന്ന് മതഭേദമെന്യേ ക്ഷേത്രത്തിലേക്ക് എല്ലാ മാസവും പണം പിരിക്കുന്നത് സേനാംഗങ്ങളിൽ കടുത്ത വിഭാഗീയത സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് റൂറൽ പൊലീസിൽനിന്ന് പണപ്പിരിവ് നടത്താനാവില്ലെന്നറിയിച്ച് കത്ത് നൽകിയത്. ക്ഷേത്രത്തിലേക്ക് മാസംതോറും പണം നൽകുന്നതിന് ചട്ടമോ സർക്കാർ ഉത്തരവോ ഇല്ലാത്തതിനാൽ പണം പിരിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കഴിഞ്ഞ ദിവസം കൈമാറിയ കത്തിൽ അറിയിച്ചത്.
ക്ഷേത്രപിരിവ് (ടെമ്പിൾ ഫണ്ട്) നടത്താൻ സ്റ്റേഷൻ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള യൂനിറ്റ് മേധാവിമാർ ചുമതല വഹിക്കണമെന്ന് കാട്ടി മാർച്ചിൽ വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് ഉത്തരവിട്ടത്. സേനാംഗങ്ങളിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും വലിയ വിമർശനമേറ്റുവാങ്ങിയ പൊലീസ് മേധാവിയുടെ ഉത്തരവുതന്നെ ചോദ്യം ചെയ്യുന്നതാണ് എസ്.പിയുടെ കത്ത്.
വർഷങ്ങളായി തുടരുന്ന പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് ഡി.ജി.പിയോടുവരെ സേനാംഗങ്ങളിൽ പലരും ആവശ്യപ്പെട്ടിട്ടും അംഗീകരിക്കപ്പെട്ടിരുന്നില്ല. പൊലീസിെൻറ അമ്പല നടത്തിപ്പിനെതിരെ പൊലീസ് അസോസിയേഷനും രംഗത്തുവന്നിരുന്നു. വർഷങ്ങളായി നവീകരണവും പരിപാലനവും പൊലീസ് നിർവഹിക്കുന്ന ക്ഷേത്രത്തിലേക്ക് ജില്ലയിലെ മുഴുവൻ സേനാംഗങ്ങളിൽനിന്നും മാസം 20 രൂപ തോതിൽ ഈടാക്കുമ്പോൾ വർഷം എട്ടുലക്ഷത്തോളം രൂപയാണ് ലഭിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ഭണ്ഡാരം ചാർത്തുന്നതും വിവിധ പൂജകൾക്കും വഴിപാടുകൾക്കുമായി നൽകുന്നതുമടക്കമുള്ള തുക ഇതിനുപുറമെയാണ്.
ഉത്തരേന്ത്യക്കാരനായിരുന്ന മുൻ ഐ.ജിയുടെ നേതൃത്വത്തിൽ 2017ൽ സ്വർണപ്രശ്നം നടത്തി ലക്ഷങ്ങൾ ചെലവഴിച്ച് ഇവിടെ പുതിയ ക്ഷേത്രം നിർമിക്കുകയും ചുറ്റുമതിൽ നിർമിക്കാൻ സമീപത്തെ പൊലീസ് ക്വാർട്ടേഴ്സ് ഭൂമി ക്ഷേത്രത്തിന് കൈമാറാനുള്ള നീക്കവും നടന്നിരുന്നു. ഇക്കാര്യങ്ങളും ക്ഷേത്ര ഫണ്ടുമായി ബന്ധപ്പെട്ട് സേനയിലെ വിഭാഗീയതയും നേരത്തേ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പൊലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കൈമാറണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.