മകരവിളക്ക്: ശബരിമലയില്‍ ഇന്നു നട തുറക്കും

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. യോഗനിദ്രയിലായിരുന്ന ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ച് മേല്‍ശാന്തി ദീപം തെളിക്കും. തുടര്‍ന്ന് മാളികപ്പുറത്ത് നട തുറക്കുന്നതിന് അനുമതിയും ഭസ്മവും നല്‍കി മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയെ അയക്കും. സന്നിധാനത്തെ ഉപദേവന്മാരായ കന്നിമൂല ഗണപതിക്കും നാഗരാജാവിനും ദീപം തെളിച്ചശേഷം പതിനെട്ടാം പടിയിറങ്ങി മേല്‍ശാന്തി ആഴി തെളിക്കും.

തുടര്‍ന്ന് പതിനെട്ടാംപടി കയറാന്‍ ഭക്തര്‍ക്ക് അനുവാദം നല്‍കും. ഭഗവാന്‍ യോഗനിദ്രയിലായതിനാല്‍ വെള്ളിയാഴ്ച പ്രത്യേക പൂജകളൊന്നുമില്ല. തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്താം. ജനുവരി 13ന് പമ്പ വിളക്കും പമ്പ സദ്യയും നടക്കും. ജനുവരി 14നാണ് മകരവിളക്കും മകരജ്യോതി ദര്‍ശനവും. ജനുവരി 19വരെയാണ് ദര്‍ശനം. ജനുവരി 20ന് രാവിലെ ഏഴിന് നട അടക്കും. മകരവിളക്ക് ഉത്സവത്തില്‍ തീര്‍ഥാടകര്‍ക്ക് സുഗമമായി പങ്കുചേരുന്നതിന് ഒരുക്കം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ പമ്പ സംഗമം നടക്കും. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലൂന്നിയാണ് ഇക്കുറി പമ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഇത്തവണ പമ്പ സംഗമം രണ്ടു ദിവസമാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ മന്ത്രിമാരും ഭരണകര്‍ത്താക്കളും ആത്മീയ നേതാക്കളും പങ്കെടുക്കും.

 

Tags:    
News Summary - sabarimala makaravilakku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.