കോട്ടയം: റദ്ദാക്കിയ 500-1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാട് കൗണ്ടറുകളില്‍ കാര്‍ഡ് സ്വയിപ്പ് മെഷീനുകള്‍ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ശബരിമലയിലും പമ്പയിലുമുള്ള പ്രധാന വഴിപാട് കൗണ്ടറുകളില്‍ ബാങ്കുകളുടെ സഹായത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. സന്നിധാനത്തും പമ്പയിലും തീര്‍ഥാടകര്‍ക്കായി കൂടുതല്‍ എ.ടി.എമ്മുകളും പ്രത്യേക കൗണ്ടറുകളും സ്ഥാപിക്കും. ബുധനാഴ്ച മുതല്‍ ഈസേവനം ഭക്തര്‍ക്ക് ലഭ്യമാകുമെന്ന് ബോര്‍ഡ് അംഗം അജയ് തറയില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാല്‍, വഴിപാട് കൗണ്ടറുകളില്‍ റദ്ദാക്കിയ നോട്ടുകള്‍ സീകരിക്കരുതെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. നോട്ട് പ്രതിസന്ധി നീണ്ടാല്‍ തീര്‍ഥാടനം സുഗമമാക്കാനുള്ള നടപടികളും ദേവസ്വംബോര്‍ഡിന്‍െറ പരിഗണനയിലാണ്. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ശബരിമല തീര്‍ഥാടകരെയും ദേവസ്വം ബോര്‍ഡിനെയുമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. അതിനിടെ വലിയ നോട്ടുകള്‍ അസാധുവാക്കിയതോടെ ഭണ്ഡാരങ്ങളില്‍ അവശേഷിക്കുന്ന പഴയ നോട്ടുകളെല്ലാം ഡിസംബര്‍ 30നകം മാറ്റിയെടുക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ നിര്‍ദേശം നല്‍കി. 1000-500 രൂപയുടെ കറന്‍സികള്‍ റദ്ദാക്കിയശേഷം ക്ഷേത്രഭണ്ഡാരങ്ങളിലും മറ്റും ലക്ഷക്കണക്കിന് രൂപ കാണിക്കയായി നിക്ഷേപിച്ച സാഹചര്യത്തിലാണ് പ്രധാന ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളെല്ലാം തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തി മാറ്റിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പല ക്ഷേത്രങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ പഴയ നോട്ടുകള്‍ നേര്‍ച്ചയായി ഇട്ടിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്നാണിത്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴില്‍ 1250 ക്ഷേത്രങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1350 ക്ഷേത്രങ്ങളും കൊച്ചി ദേവസ്വംബോര്‍ഡില്‍ 403 ക്ഷേത്രങ്ങളുമാണുള്ളത്. ഇതില്‍ ഭക്തര്‍ ഏറ്റവും കൂടുതല്‍ എത്തുകയും കാണിക്കയിടുകയും ചെയ്യുന്ന ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളെല്ലാം തുറക്കാനാണ് തീരുമാനം.
ശബരിമല തീര്‍ഥാടനം ബുധനാഴ്ച ആരംഭിക്കാനിരിക്കെ ഇനിയുള്ള ദിവസങ്ങളില്‍ കാണിക്കയായി പഴയനോട്ടുകള്‍ ലഭിക്കുമെന്നതിനാല്‍ ഇക്കാര്യത്തിലും ഫലപ്രദമായ നടപടി വേണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കാണിക്കയായി ലഭിക്കുന്ന പഴയ നോട്ടുകളെല്ലാം മാറിയെടുക്കാന്‍ ബോര്‍ഡിന്‍െറ സ്ഥിരം ബാങ്കുകളില്‍ സൗകര്യം ഒരുക്കും. ശബരിമലയില്‍ കാണിക്കയായി കോടികളാണ് ലഭിക്കുന്നത്. ഇത്തവണ വലിയ നോട്ടുകള്‍ അസാധുവാക്കിയശേഷം പുതിയ നോട്ടുകള്‍ ലഭിക്കാത്ത സ്ഥിതിയുള്ളതിനാല്‍ കാണിക്കവരവ് കുറയാനുള്ള സാധ്യതകളും ദേവസ്വം അധികൃതര്‍ തള്ളുന്നില്ല. ശബരിമല തീര്‍ഥാടകര്‍ക്ക് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. നോട്ടുകള്‍ മാറിക്കിട്ടുന്നില്ളെങ്കില്‍ ഭക്തര്‍ പഴയ നോട്ടുകള്‍ കാണിക്കയിട്ടാല്‍ ഏന്തുചെയ്യുമെന്ന ആശങ്കയും ബോര്‍ഡിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.