സജി ചെറിയാൻ: നേതാക്കളിൽനിന്ന് ഇന്ന് മൊഴിയെടുക്കും

തിരുവല്ല: സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗക്കേസിൽ സി.പി.എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളിൽനിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. ജില്ല സെക്രട്ടറിക്ക് നോട്ടീസ് നൽകി അടുത്ത ആഴ്ച വിവരങ്ങൾ തേടാനാണ് ആലോചന.

പരാതിക്കാരായ അഞ്ചുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് സംഘാടകരിൽനിന്ന് വിവരങ്ങൾ തേടുന്നത്. സി.പി.എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ. രമേശ് ചന്ദ്രൻ, കെ.പി. രാധാകൃഷ്ണൻ അടക്കം പത്തോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇവർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ഇവരിൽ ആർക്കെങ്കിലും അസൗകര്യം നേരിട്ടാൽ മൊഴിയെടുക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റും.

പരിപാടിയിൽ അധ്യക്ഷത വഹിച്ചിരുന്ന മാത്യു ടി. തോമസ് എം.എൽ.എ, ആശംസ അറിയിച്ച പ്രമോദ് നാരായണൻ എം.എൽ.എ എന്നിവരുടെ മൊഴി നിയമസഭ സമ്മേളനശേഷം രേഖപ്പെടുത്തും. അതേസമയം, കേസിൽ അന്വേഷണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും പ്രധാന തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

പരിപാടിയുടെ രണ്ട് മണിക്കൂറിലധികം നീണ്ട വിഡിയോ തങ്ങളുടെ പക്കൽ ഇല്ല എന്നാണ് മല്ലപ്പള്ളി ഏരിയ നേതൃത്വം വിശദീകരിക്കുന്നത്. പരിപാടി ചിത്രീകരിച്ച സ്റ്റുഡിയോ നടത്തിപ്പുകാരനെ ചോദ്യം ചെയ്തെങ്കിലും ദൃശ്യങ്ങൾ റെക്കോഡ് ചെയ്തിരുന്നില്ല എന്നാണ് ലഭിച്ച മറുപടി. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ ഏരിയ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽനിന്ന് വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. ഇതിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് പൊലീസ് കത്ത് നൽകും.

പരാതിക്കാരിലൊരാളായ മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരിയോട് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തിരുവല്ല ഡിവൈ.എസ്.പി ഓഫിസിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സാക്ഷികളിൽനിന്നുളള വിവരങ്ങൾ തേടിയ ശേഷമാകും സജി ചെറിയാനെ ചോദ്യം ചെയ്യുക.

Tags:    
News Summary - Saji Cherian: Statements will be taken from the leaders today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.