എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കണമെന്ന് സജി ചെറിയാന്‍

കൊച്ചി: കൃഷി, മത്സ്യം, പാല്‍ ഉല്‍പാദനം തുടങ്ങിയ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. കാലടി ഗ്രാമപഞ്ചായത്ത് മാണിക്യമംഗലം തുറയില്‍ എംബാങ്ക്‌മെന്റ് മത്സ്യകൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സുപ്രധാനമായ വികസന പദ്ധതികള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് ജനകീയ മത്സ്യകൃഷി. ഓര് ജലത്തിലും കൃത്രിമ കുളങ്ങളിലും കൂടുകളിലും ജൈവ സുരക്ഷിത കുളങ്ങളിലും മത്സ്യകൃഷി മുന്നേറുന്നു. ഏറ്റവും ലാഭകരമാണ് മത്സ്യകൃഷി. ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

നാട്ടിലെ ജലാശയങ്ങളും കൃഷി ചെയ്യാന്‍ കഴിയാത്ത പാടശേഖരങ്ങളും കണ്ടെത്തി മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് വിത്ത് സൗജന്യമായി നല്‍കിയും 60 ശതമാനം ധനസഹായം നല്‍കിയും സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കി വരുന്നു. ജനകീയ മത്സ്യ കൃഷിക്കായി ഈ ബജറ്റില്‍ 67 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃഷി വ്യാപിപ്പിക്കുക എന്നതിനൊപ്പം ഉല്‍പന്നങ്ങള്‍ക്ക് കൃത്യമായി വിപണി ഒരുക്കുക എന്നതും പ്രധാനമാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ 125 ഫിഷ് സ്റ്റാളുകള്‍ ആരംഭിച്ചു. അന്തിപ്പച്ച എന്ന പേരില്‍ വീടുകളില്‍ ശുദ്ധമായ മത്സ്യം എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. എല്ലാ ജില്ലകളിലും സീ ഫുഡ് റസ്റ്ററന്റുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. കടലിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ കടലിലെ മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് കൃത്രിമ പാരുകള്‍ നിക്ഷേപിച്ചു.

മത്സ്യകൃഷി ലാഭകരമായി മുന്നോട്ടു പോകുന്നതിനും മികച്ച വിളവ് ലഭിക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യക്കാര്‍ കൂടുതലുള്ള മത്സ്യ ഇനങ്ങളെ കൃഷിക്കായി ഉപയോഗിക്കണം. എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്ക് ആവശ്യമായ മത്സ്യങ്ങളെ ഉല്‍പാദിപ്പിക്കുകയും വേണം. ഇത്തരത്തില്‍ എല്ലാം ചേരുമ്പോള്‍ മത്സ്യമേഖലയില്‍ വലിയ മാറ്റം സാധ്യമാകും. മത്സ്യകൃഷി വ്യാപിപ്പിച്ച് കേരളത്തിലേക്കും കേരളത്തിന് പുറത്തേക്കും വിഷമില്ലാത്ത മത്സ്യം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. സംരംഭകര്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. നൂതന ആശയങ്ങള്‍ കണ്ടെത്തി യുവാക്കള്‍ സംരംഭക രംഗത്തേക്ക് കടന്നു വരണം. കൂടുതല്‍ മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പാദനം ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

കാലടി ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം തുറയില്‍ 1.24 ഹെക്ടര്‍ പ്രദേശത്താണ് എംബാങ്ക്‌മെന്റ് മത്സ്യകൃഷി തുടങ്ങിയിരിക്കുന്നത്. 12400 വരാല്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. അഞ്ചു ടണ്‍ മത്സ്യ ഉല്‍പാദനമാണ് ഇവിടെ നിന്ന് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ സഹകരണത്തോടെ രൂപീകരിച്ച് കൃഷി, മത്സ്യം, പാല്‍ ഉല്‍പാദനം, മുട്ട ഉല്‍പാദനം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചന്‍, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്ത ചാക്കോ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി വര്‍ഗീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദേവസിക്കുട്ടി, വാര്‍ഡ് അംഗം ഷിജി സെബാസ്റ്റ്യന്‍, എറണാകുളം മധ്യമേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എസ്. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Saji Cherian wants to achieve self-sufficiency in all areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.